സിജെപി സമരത്തിന് പിന്തുണ : പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

0
PINARAYI DELHI

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറിലേക്ക് നടത്തുന്ന മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചതെത്തിയ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍. പിണറായി വിജയന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍, കൈ ശൈലജ, ജോണ്‍ ബ്രിട്ടാസ്, കെഎന്‍ ബാലഗോപാല്‍, ശിവദാസന്‍ എംപി, പി രാജീവ്, പി കെ ശ്രീമതി ഉള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജ്യത്ത് ജനാധിപത്യം പുലരുന്നതിനുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യമാണ് രാജ്യത്ത് പുലരേണ്ടത്. പൂര്‍ണമായ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പൂര്‍ണമായും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ആ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. 13 കോടിയില്‍പ്പരം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. എല്ലാം ബിജെപി സര്‍ക്കാരിന് വേണ്ടി ഗ്യാനേഷ് കുമാര്‍ ചെയ്തതാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വഴിവിട്ട നീക്കത്തിലൂടെ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത്’- പിണറായി വിജയന്‍ പറഞ്ഞു.

പൊലീസ് രാജ് കൊണ്ടൊന്നും പ്രക്ഷോഭത്തെ തകര്‍ക്കാനും തളര്‍ത്താനുമാവില്ല. കൂടുതല്‍ കൂടുതല്‍ ശക്തിയോടെ പ്രക്ഷോഭത്തിലേക്ക് രാജ്യം നീങ്ങുമെന്നും പിണറായി പറഞ്ഞു. ‘എസ്‌ഐആര്‍ എവിടെയൊക്കെ പ്രയോഗിച്ചിട്ടുണ്ടോ അവിടെയെല്ലാം അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രദേശവും അതില്‍ നിന്ന് ഒഴിവല്ല. എല്ലാവരുടെയും വോട്ടവകാശം ഇല്ലാതാക്കാനാണ് പ്രാധാന്യം കൊടുത്തത്. അതിന്റെ ഭാഗമായി കാര്യങ്ങള്‍ അവരുടെ അജണ്ടയ്ക്ക് അനുസരിച്ച് മാറിയിട്ടുണ്ടെന്നതാണ് വസ്തുത. രാജ്യതലസ്ഥാനത്ത് ഇങ്ങനെ ഒരു അവസ്ഥ കേന്ദ്ര സര്‍ക്കാര്‍ എന്തിന് ഉണ്ടാക്കുന്നു. ജനാധിപത്യത്തോട് ബഹുമാനമുള്ളവരാണെങ്കില്‍ സമരത്തെ നേരിടുക ഇങ്ങനെയല്ല. രാജ്യത്തെ ജനാധിപത്യം പുലരുന്നതിന് വേണ്ടിയുള്ള സമരമാണ് ഇത്. ജനാധിപത്യവിശ്വാസികള്‍ ഇതിനെതിരെ രംഗത്തുവരും’ പിണറായി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *