ഹിറ്റായി പ്രിയദർശിനി : ഇതുവരെ നൽകിയത് 266.53 കോടിയുടെ യാത്രാസൗജന്യം

0
KSRTC FR

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാക്കുന്നു. പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.

സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്, സംസ്ഥാന സർക്കാർ 2026 ജൂൺ 15ന് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്.പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

പ്രിയദർശിനി യാത്രാ സൗകര്യം കൂടുതൽ സ്ത്രീകൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതിന് പ്രേരണയായി എന്നാണ് സർക്കാർ വിലയിരുത്തൽ. പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് ഇതുവരെ സംസ്ഥാനത്ത് 266.53 കോടി രൂപയുടെ യാത്രാസൗജന്യമാണ് നൽകിയത്. 12.54 കോടി സൗജന്യ യാത്രകൾ നടത്തി. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ സൗജന്യമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്നു.ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *