ശാസ്താംകോട്ട തടാകത്തിൽ കമിതാക്കൾ മരിച്ച നിലയിൽ

0
SCOTTAI

കൊല്ലം: കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച യുവതീയുവാക്കളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. ഇരുവരും തടാകത്തിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും ശാസ്താംകോട്ട തടാകക്കരയിൽ എത്തിയത്. തുടർന്ന് തടാകത്തിൽ ചാടിയ ഇരുവരുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയാണ് കണ്ടെടുത്തത്.

പ്രണയത്തിലായിരുന്ന അഭിരാമിയും രാജീവും കുടുംബങ്ങളുടെ എതിർപ്പ് കാരണം കുറച്ചുനാളുകളായി ഒരുമിച്ചായിരുന്നു താമസം. ഇവരുടെ ബന്ധത്തെച്ചൊല്ലി കുടുംബങ്ങൾ എതിർപ്പുമായി മുന്നോട്ടുപോയതോടെ വിഷയം മുൻപ് പൊലീസ് സ്റ്റേഷനിലുമെത്തിയിരുന്നു. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ, പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതാണെന്ന് ഇരുവരും രേഖാമൂലം ഒപ്പിട്ടുനൽകുകയായിരുന്നു. ഇതിനുശേഷം ഒരുമിച്ച് താമസം തുടർന്നുവെങ്കിലും വീട്ടുകാരുമായി ഇവർ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം തടാകത്തിന് സമീപം എത്തിയ ഇരുവരുടെയും ബാഗുകൾ തടാകക്കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ രാജീവിന്റെ ബാഗിൽ നിന്ന് ചില മരുന്നുകളും കണ്ടെടുത്തു. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച രാവിലെയോടെ തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

അഭിരാമിയെ നഴ്സിംഗ് പഠനത്തിനായി കുടുംബം കർണാടകയിലേക്ക് അയച്ചിരുന്നെങ്കിലും രണ്ടുമാസത്തിനുശേഷം പഠനം ഉപേക്ഷിച്ച് നാട്ടിലെത്തി രാജീവിനൊപ്പം ജീവിക്കാൻ തുടങ്ങുകയായിരുന്നു. കുടുംബവുമായി അകന്നുകഴിയേണ്ടി വന്നതിലെ കടുത്ത മാനസിക വിഷമമാണോ ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന കാര്യം പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *