സണ്ണി എം കപിക്കാടിനെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്

0
SUNNY KAP

തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പ സ്വാമിയെ അപമാനിച്ച സണ്ണി എം കപിക്കാടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്. സണ്ണി എം കപിക്കാടിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ബോര്‍ഡ് അംഗം പി ഡി സന്തോഷ് കുമാര്‍ വ്യക്തമാക്കി. സണ്ണി എം കപിക്കാട് നടത്തിയ പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതും, അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണെന്നും പിഡി സന്തോഷ് കുമാർ വ്യക്തമാക്കി. ശബരിമല അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഹിന്ദു ഐക്യവേദിയും സണ്ണി എം കപിക്കാടിനെതിരെ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രസ്താവന വിവാദമായതോടെ സണ്ണി എം കപിക്കാട് ഖേദം പ്രകടിപ്പിച്ചിരുന്നു. അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. കേസിനെ നിയമപരമായി നേരിടുമെന്നുമാണ് സണ്ണി കപിക്കാട് പ്രതികരിച്ചത്. മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമര്‍ശങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *