പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ : കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ കെട്ടിക്കിടക്കുന്നു. 74 കേസുകളാണ് സര്‍ക്കാരിന്റെ വിചാരണാനുമതിക്കായി കാത്തിരിക്കുന്നത്. ഇതുമൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുന്നതിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കഴിയാത്ത അവസ്ഥയാണ്. ഇവയില്‍ ചില കേസുകള്‍ എട്ട് വര്‍ഷത്തോളമായി. വിചാരണാനുമതിക്കായുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ തീരുമാനം അനിശ്ചിതമായി നീളുന്നതുകൊണ്ട് ഈ ഫയലുകള്‍ വിജിലന്‍സിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ കിടക്കുകയാണ്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 19 അനുസരിച്ച്, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളില്‍ നിന്നുള്ള അനുമതിയില്ലാതെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ കോടതികള്‍ക്ക് പരിഗണിക്കാന്‍ കഴിയില്ല.ഇതില്‍ 72 കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതാണെന്നും, ബാക്കിയുള്ളവ ഓള്‍ ഇന്ത്യ സര്‍വീസ് (എഐഎസ്) ഉദ്യോഗസ്ഥനും ഒരെണ്ണം ഗ്രൂപ്പ് ബി ഉദ്യോഗസ്ഥനുമെതിരെയുള്ളതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എഐഎസ്, ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് വിചാരണാനുമതി നല്‍കേണ്ടത്. എന്നാല്‍, ഇതിനായുള്ള അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചിട്ടുപോലുമില്ലെന്നാണ് വിവരം.
