ഒമാനിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ : ലംഘിച്ചാൽ 1000 റിയാൽ പിഴ

മസ്കത്ത്: കൊടും ചൂടിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.വിമാനത്താവളം, തുറമുഖം, അടിയന്തര സേവനങ്ങൾ തുടങ്ങിയ അവശ്യ മേഖലകളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഈ കാലയളവിൽ പ്രവർത്തനം തുടരുന്നതിന് കമ്പനികൾ മുൻകുട്ടി അനുമതി വാങ്ങുകയും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. തണലുള്ള വിശ്രമ സ്ഥലങ്ങൾ, ശീതീകരിച്ച സൗകര്യങ്ങൾ, തണുത്ത കുടിവെള്ളം, പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ എന്നിവ തൊഴിലാളികൾക്ക് വേണ്ടി കമ്പനികൾ ഒരുക്കണമെന്നും അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ തൊഴിലാളികൾ ചെയ്യാൻ പാടില്ല. ഇതിലൂടെ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച വിശ്രമ നിയമം ലംഘിച്ചാൽ 500 റിയാൽ മുതൽ 1000 റിയാൽ വരെ പിഴയും ഒരു വർഷം വരെ തടവുമാണ് ശിക്ഷ.
നിയമലംഘനം ആവർത്തിച്ചാൽ പിഴയും ഇരട്ടിയാകും. തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാത്ത കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കും. തൊഴിൽ സമയങ്ങളിൽ ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കാൻ വെള്ളം വിതരണം ചെയ്യണമെന്ന നിർദേശം കർശനമാക്കുമെന്നും അധിക്യതർ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാതിരിക്കുകയും വിശ്രമ സൗകര്യം ഉറപ്പുവരുത്താതിരിക്കുകയും ചെയ്ത കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. പ്രത്യേകം പരിശോധനാ സംഘത്തെയും എല്ലാ വർഷവും നിയോഗിക്കാറുണ്ട്. നിർമാണ പ്രവൃത്തികൾ നടത്തുന്ന സ്ഥലങ്ങളിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ബോധവത്കരണം നൽകുകയും ചെയ്യും.
