ബം​ഗാളിൽ ബിജെപി സർക്കാർ ടാ​ഗോർ ജയന്തിദിനത്തിൽ സത്യപ്രതിജ്ഞ ചെയ്യും

0
BANGAL CM

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്രം കുറിച്ച് ബിജെപി സർക്കാർ ഈ മാസം 9 ന് സത്യപ്രതിജ്ഞ ചെയ്യും. നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് 9ന് കൊൽക്കത്തയിൽ സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ പറഞ്ഞു.

ടാഗോർ ജയന്തിയോട് അനുബന്ധിച്ച് പുതിയൊരു ബംഗാൾ ഉദയം ചെയ്യുമെന്ന് ബാരക്പുരിലെ തന്റെ അവസാന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ബംഗാളി പാരമ്പര്യത്തിലും സംസ്കാരത്തിലും ഊന്നിയുള്ള ഒരു ഭരണമാറ്റത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തേക്കും.

പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്ര നിരീക്ഷകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബിജെപി കേന്ദ്ര നേതൃത്വം നിയോ​ഗിച്ചു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെ സഹ നിരീക്ഷകനായും നിയോ​ഗിച്ചു. അസം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകനായി ജെപി നഡ്ഡയേയും, സഹനിരീക്ഷകനായി ഹരിയാന മുഖ്യമന്ത്രി സാഹിബ് സിങ് സൈനിയേയും നിയോ​ഗിച്ചിട്ടുണ്ട്.

ബം​ഗാൾ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്ന പ്രധാന നേതാവ്. ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും സുവേന്ദു വിജയിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ സുവേന്ദു മമതയെ പരാജയപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *