രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ
രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവരും ഹൃദ്രോഗികളും മോരിൽ ചേർക്കുന്ന ഉപ്പിന്റെ അളവ് ശ്രദ്ധിക്കണം. ഉപ്പ് ചേർക്കാതെ മോര് കുടിക്കുന്നത് അത്ര ഇഷ്ടമില്ലാത്തതിനാൽ മിക്കവരും ധാരാളം ഉപ്പ് അതിൽ ചേർക്കാറുണ്ട്. ഉപ്പ് ചേർത്ത മോരുംവെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്. ഹൈപ്പർ ടെൻഷൻ ഉള്ളവർക്ക് ഇത് സ്ട്രോക്ക് പോലുള്ള അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ ഉപ്പ് കുറച്ച് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ ഉപ്പിന് പകരം ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയുടെ അളവ് കൂട്ടി രുചി വർധിപ്പിക്കാം.
സന്ധിവേദന
സന്ധിവേദന അല്ലെങ്കിൽ ആർത്രൈറ്റിസ് പ്രശ്നങ്ങളുള്ളവർക്കും മോരുംവെള്ളം അത്ര നല്ലതല്ല. മോര് തൈരിൽ നിന്ന് നിർമ്മിക്കുന്നതാണ്. തൈരിന് സ്വാഭാവികമായും പുളിയും തണുപ്പും ഉണ്ട്. ഇത് സന്ധികളിലെ വീക്കം വർധിപ്പിക്കാൻ കാരണമായേക്കാം. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിലോ രാത്രിയിലോ മോര് കഴിക്കുന്നത് സന്ധികളിൽ കടുത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും. യൂറിക് ആസിഡ് കൂടുതലുള്ളവർക്കും മോര് അമിതമാകുന്നത് ദോഷകരമാണ്. വാതസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് മോര് കഴിക്കുന്നത് പേശികളിലെ മുറുക്കം വർധിപ്പിക്കാനും സാധ്യതയുണ്ട്.
ശ്വാസനസംബന്ധ രോഗങ്ങൾ
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ, ജലദോഷം, ചുമ, സൈനസൈറ്റിസ് എന്നിവയുള്ളവർ സംഭാരം കുടിക്കുമ്പോൾ ശ്രദ്ധിക്കണം. മോരിന് സ്വാഭാവികമായും ശരീരം തണുപ്പിക്കാനുള്ള കഴിവുണ്ട്. ആയുർവേദ പ്രകാരം ഇത് കഫം വർധിപ്പിക്കാൻ കാരണമാകും. ശ്വാസകോശത്തിലെ കഫക്കെട്ട് വർധിപ്പിക്കാനും ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾ വഷളാക്കാനും മോര് കുടിക്കുന്നത് കാരണമായേക്കാം. രാത്രിയിൽ മോര് കഴിക്കുന്നത് ഇത്തരം ആളുകളിൽ അലർജിയും കഫശല്യവും കൂട്ടാൻ സാധ്യതയുണ്ട്. അതിനാൽ പനിയോ ജലദോഷമോ ഉള്ളപ്പോൾ മോര് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഈ പ്രശ്നം കണ്ടുവരാറുണ്ട്.