അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം

0
TRAINE

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നതിനിടെ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി നടപ്പാക്കാന്‍ കേരളം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 583 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിക്ക് ആവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തില്‍ ഏര്‍പ്പെടും, പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങള്‍, വായ്പാസ്രോതസ്സുകള്‍ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നല്‍കുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. അതിവേഗ ഗതാഗത സംവിധാനം എന്നത് സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടിലെ സുപ്രധാന ഘടകമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്ത്, സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയര്‍ന്ന വേഗതയിലുള്ള റെയില്‍ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.

യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുക, തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലപ്പെടുത്തുക എന്നതൊക്കെയാണ് ഈ കാഴ്ച്ചപ്പാടിന്റെ കേന്ദ്രബിന്ദു. തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ ഉയര്‍ന്ന വേഗതയിലുള്ള റെയില്‍ കണക്റ്റിവിറ്റി ലക്ഷ്യമിട്ട കെ റെയില്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വെയുടെ സാങ്കേതിക എതിര്‍പ്പുകള്‍ കാരണം മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടില്ല. കൂടാതെ ചില പ്രദേശങ്ങളിലെങ്കിലും ജനങ്ങളുടെ എതിര്‍പ്പുകളും ഉണ്ടായി. നാളിതുവരെയായിട്ടും സംസ്ഥാനം സമര്‍പ്പിച്ച ഡി.പി.ആര്‍ ന് റെയില്‍വേയുടെ അനുമതി ലഭ്യമാക്കിയിട്ടില്ല. ഡിപിആര്‍ അനുമതിക്കായി റെയില്‍വേ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകാത്തതുമാണ്. റെയില്‍വേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കുവാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കേരളം കേന്ദ്രത്തെ സമീപിക്കുന്നത്. ആര്‍ആര്‍ടിഎസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദേശ്യം. നിലവിലുള്ള കൊച്ചി മെട്രോയുമായും, ഭാവിയില്‍ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാന്‍ സാധ്യമാകും. ലാസ്റ്റ് മൈല്‍ കണക്ട്വിറ്റി മെച്ചപ്പെടുകയും, സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഒരു ഏകികൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *