മമ്മൂട്ടിയ്ക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടന്നു
 
                
തളിപ്പറമ്പ്: മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടന്നു. തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാറാണ് വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്ര ഭാരവാഹികൾ രാജരാജേശ്വരന്റെ ചിത്രം നൽകി സ്വീകരിച്ചു.ഏകദേശം എട്ട് മാസത്തെ ഇടവേളയ്ക്കുശേഷമാണ് മമ്മൂട്ടി ഇന്ന് കേരളത്തിലെത്തിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ താരത്തെ സ്വീകരിച്ചു. ഭാര്യ സുൽഫത്തിനൊപ്പം ഉച്ചയോടെ കൊച്ചിയിലെത്തിയ മമ്മൂട്ടിയെ കാണാൻ നൂറുകണക്കിന് ആരാധകരും വിമാനത്താവളത്തിലെത്തിയിരുന്നു.
മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി ചെന്നൈയിൽ കഴിയുകയായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം ‘പാട്രിയോട്ട്’യുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും യാത്ര നടത്തി. ഇന്ന് വിമാനത്താവളത്തിൽ എത്തിയ മമ്മൂട്ടി സ്വന്തമായ ലാന്‍ഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് പുറപ്പെട്ടത്. വരാനിരിക്കുന്ന ദിവസങ്ങളിൽ അദ്ദേഹം നിരവധി പരിപാടികളിൽ പങ്കെടുക്കും.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തിരുവനന്തപുരത്തെ ഔദ്യോഗിക ചടങ്ങിലും ‘കളങ്കാവൽ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പരിപാടിയിലും മമ്മൂട്ടി പങ്കെടുക്കുമെന്നാണ് വിവരം

 
                         
                                             
                                             
                                             
                                         
                                         
                                         
                                        