പൂക്കളത്തിന് താഴെ ഓപ്പറേഷൻ സിന്ദൂർ : സൈനികർ ഉൾപ്പെടെ 25 പേർക്കെതിരെ കേസ്

ശാസ്താംകോട്ട: ഓണാഘോഷത്തിന്റെ ഭാഗമായി മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കളാൽ എഴുതിയ സംഭവത്തിൽ സൈനികർ ഉൾപ്പെടെ 25 ഭക്തർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. കലാപശ്രമം, നിയമവിരുദ്ധമായി ഫ്ലെക്സ് ബോർഡ് സ്ഥാപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎം-കോൺഗ്രസ് സമിതി ഭരിക്കുന്ന ക്ഷേത്രത്തിൽ കാലങ്ങളായി പൂക്കളമിട്ടിരുന്നത് പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാണ്. പുതിയ ഭരണസമിതി വന്നതോടെ വിശ്വാസികളെ രാഷ്ട്രീയമായി വേർതിരിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് തിരുവോണ ദിവസം പുലർച്ചെ ഈ യുവാക്കൾ പൂക്കളം ഒരുക്കാൻ മുന്നോട്ട് വന്നത്. ഒരു സൈനികനാണ് ഇതിന് നേതൃത്വം നൽകിയത്.
ക്ഷേത്രമുറ്റത്ത് ചാണകം മെഴുകി, വിശ്വാസപൂർവ്വം പൂക്കളമിട്ട ശേഷം, ഭാരതത്തിന് നേരെ പാകിസ്ഥാൻ നടത്തിയ അതിക്രമത്തിന് മറുപടി നൽകിയതിന്റെ ഓർമ്മയ്ക്കായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കൾ കൊണ്ട് എഴുതി. ഇതാണ് ക്ഷേത്ര ഭരണസമിതിയിലെ ചിലരെ പ്രകോപിപ്പിച്ചത്. സിപിഎം, കോൺഗ്രസ് നേതാക്കളാണ് തങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകിയതെന്ന് ഭക്തർ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂക്കളത്തിലെ എഴുത്ത് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഭക്തർ തയ്യാറായില്ല.
ഇതോടെ പോലീസുമായി വാക്കേറ്റമുണ്ടായി. നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. എഫ്.ഐ.ആറിൽ ആർ.എസ്.എസ് അനുകൂലികൾ, പ്രവർത്തകർ എന്നിങ്ങനെയാണ് ഭക്തരെ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ, ചത്രപതി ശിവജിയുടെ ചിത്രം വെച്ച ഫ്ലെക്സ് ബോർഡും സ്ഥാപിച്ചതായും പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.