ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം

ബിലാസ്‌പൂര്‍: ഛത്തീസ്‌ഢില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ കന്യാസ്‌ത്രീകള്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു. ജാമ്യം ലഭിച്ചതോടെ കന്യാസ്‌ത്രീകള്‍ ജയില്‍ മോചിതരാകും.
അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തങ്ങള്‍ക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കന്യാസ്‌ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് കോടതിയില്‍ വാദിച്ചിരുന്നു. ആദിവാസി കുട്ടികളെ ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളും ഉണ്ട്. അവരുടെ വീട്ടുകാരുടെ സമ്മതപ്രകാരമാണ് ജോലിക്ക് കൊണ്ടുപോയതെന്നും അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനമില്ലാത്ത കുറ്റവുമാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസില്‍ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ഇരകളെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകളെല്ലാം പ്രായപൂര്‍ത്തിയായവരും നേരത്തെ തന്നെ ക്രിസ്‌തുമതം സ്വീകരിച്ചവരുമാണ്. അവരെ ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായോ കൊണ്ടുപോയതല്ലെന്ന് അവരുടെ മാതാപിതാക്കളുടെ മൊഴികള്‍ സ്ഥിരീകരിക്കുന്നതായും അഭിഭാഷകന്‍ കോടതിയില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു.
ഛത്തീസ്‌ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കത്തോലിക്കാ കന്യാസ്ത്രീകളെയും സുകമാന്‍ മാണ്ഡവി എന്ന വ്യക്തിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനം നടത്താൻ കുട്ടികളെ കൊണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകൻ്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.