മൂന്നര വയസുളള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി

ഇടുക്കി : മൂന്നര വയസുളള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി ഉന്മേഷ് (34) ആണ് മകൻ ദേവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് . കാഞ്ഞിരമറ്റത്തെ വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ഉന്മേഷിൻ്റെ ഭാര്യ ശിൽപയാണ് ഇരുവരെയും മരിച്ച നിലയിൽ ആദ്യം കണ്ടത്. ഉന്മേഷിനെ സ്വീകരണ മുറിയിലും കുട്ടിയെ കിടപ്പ് മുറിയിലുമായാണ് കണ്ടെത്തിയത്. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്.ഉടൻ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ് മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലപ്പണി, ലോട്ടറി വിൽപന തൊഴിലാളിയുമായിരുന്നു ഉന്മേഷ്. മുരളീധരനാണ് ഉന്മേഷിൻ്റെ പിതാവ്.