ഇന്ന് ലോക ലഹരിവിരുദ്ധ ദിനം : ലഹരിക്കെതിരെ പോരാടുക

മദ്യവും മയക്കു മരുന്നും എല്ലാ കാലത്തും സമൂഹത്തിൻ്റെ പൊതു ശത്രുവാണ്.
സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ് 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ പ്രശ്നം സൃഷ്ടിക്കുന്ന ലഹരിയെ ഇല്ലാതാക്കേണ്ടത് ഇന്ന് നമ്മുടെ ഉത്തരവാദിത്തമാണ്. 1987 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു വരുന്നു.
ആളുകൾക്കിടയിൽ ലഹരിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിരുദ്ധ മനോഭാവം സൃഷ്ടിക്കുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യങ്ങൾ.
ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം ‘പ്രിവെൻഷൻ ട്രീറ്റ്മെൻ്റ് ആൻഡ് ജസ്റ്റിസ് സിസ്റ്റംസ്’ എന്നാണ്. ലഹരിക്കെതിരായ പ്രതിരോധ ചികിത്സയെക്കുറിച്ചും നീതിന്യായ സംവിധാനങ്ങളെപ്പറ്റിയും ബോധവന്മാരാകണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ലഹരിക്കടിമപ്പെട്ട യുവതലമുറയെ മോചിക്കാൻ ആവശ്യമായ ചികിത്സകളും ശ്രമങ്ങളും ചെയ്യാൻ നാം തയാറാവണമെന്ന സന്ദേശം കൂടി ഇതിലുണ്ട്.
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ജനങ്ങളെ ബോധവത്ക്കരിക്കാനും ഊർജസ്വലരായ യുവതലമുറയെ വീണ്ടെടുക്കാനുമുളളതാണ് ഈ ദിനം.
ആദ്യം മയക്കുമരുന്ന് ദുരുപയോഗത്തിൻ്റെ അർഥം മനസിലാക്കാം. നിയമവിരുദ്ധമായ മരുന്നുകളോ കുറിപ്പടി മരുന്നുകളോ ഉദ്ദേശിക്കാത്ത ആവശ്യങ്ങൾക്കായി കഴിക്കുന്ന പ്രക്രിയയായി ഇതിനെ കണക്കാക്കാം. മരുന്നുകളുടെ അമിതമായ ഉപയോഗവും ലഹരി ദുരുപയോഗത്തിൻ്റെ പട്ടികയിൽ വരുന്നതാണ്.
ലഹരിക്ക് അടിമപ്പെടുന്നവരെ ബാധിക്കുന്നത് :
ജോലികളും ഉത്തരവാദിത്തങ്ങളും നിറവേറ്റാതിരിക്കുക,നിരന്തരം ഉത്കണ്ഠാകുലനായി കാണപ്പെടുക.
ശരീര ഭാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ,വിറയൽ,മയക്കു മരുന്ന് ഉപയോഗം മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ.ഉറക്കമില്ലായ്മ,മടി,ഉത്കണ്ഠ,വിഷാദം,ശ്വാസകോശ അർബുദം,പക്ഷാഘാതം,ഹൃദ്രോഗം,എച്ച്ഐവി
കരൾ/വൃക്ക രോഗം,ഓറൽ ക്യാൻസർ,രക്താർബുദം,ശരീരഭാരം കുറയുക.
ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കുവാൻ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക,വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുക,ലഹരിയുമായി ബന്ധപ്പെട്ട് കാംപെയിനുകൾ നടത്തുക.
342 ഇൻ്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ സെൻ്ററുകൾക്ക് (IRCAs) കേന്ദ്ര സർക്കാരിൻ്റെ പിന്തുണയുണ്ട്. ഈ ഐആർസിഎകൾ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിന് മാത്രമല്ല, പ്രതിരോധ വിദ്യാഭ്യാസം, അവബോധം സൃഷ്ടിക്കൽ, പ്രചോദനാത്മക കൗൺസിലിങ്, പരിചരണത്തിന് ശേഷം സാമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്നീ സേവനങ്ങളും നൽകി വരുന്നു.