അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ്:ലോകത്തെ നടുക്കി ഇന്നലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്നുരാവിലെയാണ് അദ്ദേഹം സംഭവസ്ഥലത്തെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ബായ് പട്ടേൽ, എയർ ഇന്ത്യയുടെ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം സന്ദർശനത്തിന് ഉണ്ടായിരുന്നു.
അപകടസ്ഥലം സന്ദർശിച്ചശേഷം പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപ്രതികളിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രമേശ് വിശ്വാസിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ചോദിച്ച് മനസിലാക്കി. മോദിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം വിമാനദുരന്തത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയെയും അദ്ദേഹം സന്ദർശിക്കും . എൻ ഡി ആർ എഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് സംഭവ സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തി. രണ്ടാമത്തേതിനായി തിരച്ചിൽ തുടരുകയാണ്.