തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്ണ രംഗത്തെത്തി. തട്ടിപ്പിനിരയായവർ തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് അഭ്യര്‍ത്ഥിച്ചത്. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ കേസ് നൽകണമെന്നും ലൈവിൽ വ്യക്തമാക്കി. തന്‍റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈയിൽ കിട്ടിയിട്ടുണ്ട്. പൊലീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിരുന്നു.തന്‍റെ കമ്പനിക്ക് നൽകേണ്ട പണമാണ് ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി ചെയ്തിരിക്കുന്നതെന്നും ഇതിൽ നീതി എത്രയും വേഗം ലഭിക്കാൻ തട്ടിപ്പിനിരയായവര്‍ കൂടെ നിൽക്കണമെന്നും ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു. തനിക്ക് തരേണ്ട പണമാണ് അവര്‍ തട്ടിയെടുത്തതെന്നും ദിയ പറഞ്ഞു.