യുഎഇയിൽ വിവിധ സ്ഥലങ്ങളിൽ മഴ

അബുദാബി: യുഎഇയിൽ പല സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖോർഫക്കാൻ, ഫുജൈറ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മഴ പെയ്തത്. കനത്ത ചൂട് തുടരുന്നതിനിടെ മഴ പെയ്തതോടെ രാജ്യത്ത് താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.ഷാർജയിലെ ഖോർഫക്കാൻ, നഹ് വ, അൽ റഫീസ ഡാം, വാദി ഷീസ് എന്നിവിടങ്ങളിലും ഫുജൈറയിലെ അൽ ഖുറയ്യ, മിർബി ഭാഗങ്ങളിലുമാണ് മഴ പെയ്തത്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അൽഐനിലെ റക്നയിലാണ്. ഇവിടെ വെള്ളിയാഴ്ച രാവിലെ 5.45ന് 16.6 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. അതേസമയം 42 ഡിഗ്രിയാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ചൂട്. അൽജസീറയിൽ ഉച്ചയ്ക്ക് 2.30നാണ് ഈ താപനില രേഖപ്പെടുത്തിയത്. ഇന്ന് കിഴക്ക്, വടക്ക് പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . കിഴക്കൻ പ്രദേശങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു . താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്കും പൊതുജനങ്ങൾക്കും നിർദേശം നൽകി. ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു.