കളിക്കൊപ്പം ചിരിക്കാനും ചിന്തിക്കാനും ‘കളിമുറ്റ’മൊരുക്കി സീവുഡ്സ് സമാജം

നവി മുംബൈ: അറിവും അലിവും നാടൻപ്പാട്ടും തനതു നാടകവും ഓർമ്മപ്പെയ്ത്തും തീർത്ത സീവുഡ്സ് മലയാളി സമാജത്തിൻ്റെ കുട്ടികളുടെ ക്യാമ്പ് – ‘കളിമുറ്റം’,കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.ക്യാമ്പിലേക്ക് പൊടുന്നനെയാണ് അന്ധയായ ഒരു സ്ത്രീ കടന്നുവരുന്നത്. വടി കൊണ്ട് വഴിയിലെ തടസ്സങ്ങൾ മറി വരുന്ന അവരെ കണ്ട് കുട്ടികൾ ഓടിയടുത്തു കൈ പിടിച്ച് സഹായഹസ്തങ്ങൾ നീട്ടി. മുകളിലെ നിലയിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് വന്ന അന്ധവനിതയെന്ന് കരുതിയാണ് അവർ സഹായിക്കാൻ ഓടി ചെന്നത്. പക്ഷെ കുട്ടികളുടെ ക്യാമ്പുണ്ടെന്നറിഞ്ഞ് വന്നതായിരുന്നു എന്നവർ പറഞ്ഞപ്പോൾ കുട്ടികൾ അവരെ അവർക്കിടയിലിരുത്തി.
ഒടുവിൽ അവർ ആരെന്ന് പറഞ്ഞു. ഹെലൻ കെല്ലർ. കൂടി നിന്ന കുട്ടികൾ ചോദ്യങ്ങളുതിർത്തു. ഹെലൻ കെല്ലറായി വന്ന അദ്ധ്യാപിക ഷീജ നായർ അന്ധർക്കായി പുതു വഴികൾ തീർത്ത ഹെലൻ കെല്ലറിൻ്റെ ജീവിത കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്ധയും ബധിരയുമായ ഹെലൻ കെല്ലറിൻ്റെ സുധീരമായ പോരാട്ടങ്ങൾ വെല്ലുവിളികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള ഊർജ്ജം പകർന്നാണ് ഷീജ നായരെന്ന അദ്ധ്യാപിക മടങ്ങിയത്.
മികച്ച ഭാവാഭിനയത്തിലൂടെ ഹെലൻ കെല്ലറിൻ്റെ കഥ പറഞ്ഞ ഷീജ നായർ വേഷമഴിച്ച് സ്വന്തം രൂപത്തിൽ വന്നപ്പോഴാണ് കുട്ടികൾക്ക് അവരന്ധയല്ലെന്ന് മനസ്സിലായത്.
കളിമുറ്റം തുടങ്ങിയത് നിധി വേട്ടയോടെയാണ്. അനൂപ് കുമാർ കളത്തിൽ, നേഹ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭൂപടവും സ്വാതന്ത്ര്യ സമരവും അടിസ്ഥാനമാക്കിയായിരുന്നു ട്രഷർ ഹണ്ട്.
പുറമ്പോക്ക് സ്ഥലത്ത് സീവുഡ്സ് മലയാളി സമാജം ഒരുക്കിയ ഹരിതാഭമായ കൃഷി സ്ഥലത്തായിരുന്നു നിധി വേട്ട.
സൂചനയുടെ അടിസ്ഥാനത്തിൽ വസ്തു ആകൃതി വരയ്ക്കുക പിന്നെ കണ്ണടച്ചുകൊണ്ട് സ്പർശിച്ച് വസ്തു തിരിച്ചറിയുക എന്നീ ഇനങ്ങൾ അകമ്പടിയായി.ഈ മൂന്ന് പ്രവർത്തനങ്ങളിലൂടെയും, കുട്ടികൾ സംഘപ്രവർത്തനം, നിരീക്ഷണശേഷി, ചിന്തന ക്ഷമത എന്നിവയെക്കുറിച്ച് മനസ്സിലാക്കാനാണ് അനൂപും സംഘവും ശ്രമിച്ചത്.
പിന്നീട് വ്യക്തിത്വ വികസനത്തിലൂന്നിയുള്ള വിനോദങ്ങളിലൂടെയാണ് കളിമുറ്റം മുന്നേറിയത്.
മുംബൈ നഗരത്തിലെ പ്രശസ്തനായ യുവ നാടൻ പാട്ടുകാരനായ അഭിനവ് ഹരീന്ദ്രനാഥിൻ്റെ നേതൃത്വത്തിൽ കുട്ടികൾ പാട്ടുകൾ പാടിയും പഠിക്കുകയും ചെയ്തു. നാടും നായാട്ടും നാടകവും വരുന്ന നാടൻപ്പാട്ടുകൾ കൂടെ പാടിയും ആടിയുമാണ് അഭിനവ് കളിമുറ്റത്തെ സർഗ്ഗാത്മകമാക്കിയത്.
കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പയെ ആധാരമാക്കി സമാജം നൃത്താദ്ധ്യാപിക സുസ്മിത രതീഷും നർത്തകിമാരായ സൂക്തി അരുണും ആഷ്നി അശോകും നൃത്തശില്പത്തിൻ്റെ പരിശീലനമൊരുക്കിയത് ശ്രദ്ധേയമായി. മൂന്നു സംഘങ്ങളായി തരം തിരിച്ച് പാട്ടു പരിഷകളും, ആട്ടപ്പണ്ടാരങ്ങളും ചിത്തിരപ്പെണ്ണുമൊക്കെ അടങ്ങുന്ന കുട്ടികളുടെ സംഘത്തെ തന്മയത്വത്തോടെയാണ് സുസ്മിതയും സൂക്തിയും ആഷ്നിയും പരിശീലിപ്പിച്ചത്.
പതിവിന് വിപരീതമായ പാട്ടും ചുവടുകളും അനുഭവിച്ച കുട്ടികൾ ആദ്യം പതറിയെങ്കിലും പിന്നീട് ആവേശത്തോടെ ചുവടു വെച്ച് പാടി.
ക്യാമ്പിൽ നങ്ങേലിയുടെ മാങ്ങാക്കടയും നീലിയുടെ നെല്ലിക്ക കടയുമുണ്ടായിരുന്നു. നെല്ലിക്ക കഴിച്ച് വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന മധുരവും മാങ്ങ കുത്തി മുളകും ഉപ്പും കൂട്ടി കഴിക്കുന്ന രുചിക്കൂട്ടും പരിചയ
പ്പെടുത്താനായിരുന്നു വിമല സുരേന്ദ്രൻ്റേയും ലീന പവനൻ്റേയും കടകൾ കളിമുറ്റത്ത് പ്രത്യക്ഷപ്പെട്ടത്.
വിസ്മൃതിയിലാണ്ട “പൂപറിക്കാൻ പോരുമോ പോരുമോ അതി രാവിലെ?” എന്ന വിനോദം വിമല സുരേന്ദ്രൻ്റെ നേതൃത്വത്തിൽ അരങ്ങേറി.
“ആരെ നിങ്ങൾക്കാവശ്യം ആവശ്യം അതി രാവിലെ” എന്ന മറുപടി പറഞ്ഞ ആൺ സംഘത്തിൻ്റെ കൂടെ മുതിർന്നവരും കൂടി.
കളിമുറ്റത്തിൽ കുട്ടികൾക്ക് ഓല കൊണ്ട് ഓലപ്പീപ്പിയും, ഓലക്കണ്ണാടിയും, പ്ലാവിലക്കിരീടവും, ഓല വാച്ചും, കാറ്റാടിയുമായി വി ആർ രഘുനന്ദൻ കുട്ടികളെ കയ്യിലെടുത്തു.രഘുനന്ദനൻ്റെ കൂടെ കരകൗശല വസ്തുക്കളുമായി സനൽ കുമാർ കുറുപ്പും ഇ കെ സുനിലും പ്രദീപ് മാധവനും ചേർന്നു.
അദ്ധ്യാപിക ആശ മണി പ്രസാദിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ഒടുവിൽ പോസ്റ്റുകാർഡിൽ നാട്ടിലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും കളിമുറ്റത്തിൻ്റെ വിശേഷങ്ങളെഴുതിയാണ് മടങ്ങിയത്.
കളിമുറ്റത്തിൻ്റെ അതിരിൽ നിന്ന് മടങ്ങുമ്പോൾ കൈ നിറയെ മധുരങ്ങൾ സമ്മാനിച്ചാണ് സീവുഡ്സ് മലയാളി സമാജം കുട്ടികളെ യാത്രയയച്ചത്.ഉഷ ശ്രീകാന്ത്, രാജീവ് നായർ, എൻ ഐ ശിവദാസൻ, രാജേന്ദ്രൻ നമ്പ്യാർ, രമണിയമ്മ ഓതറ, രാജൻ നമ്പ്യാർ, ആദർശ്, സദാനന്ദൻ, പി ജി ആർ നായർ, ലിനി രാജേന്ദ്രൻ, ലത രമേശൻ, ജയശ്രീ നായർ, അനിൽ കുമാർ, ലൈജി വർഗ്ഗീസ്,ഡോ മിഥില രാജ് എന്നിവർ കളിമുറ്റത്തിൻ്റെ സഹയാത്രികരായി.പി ആർ സഞ്ജയാണ് കളിമുറ്റത്തിൻ്റെ രൂപകല്പനയും നിയന്ത്രണവും നിർവ്വഹിച്ചത്.
റിപ്പോർട്ട് :സഞ്ജയ്