ജനപ്രിയ സംവിധായകന് വിട …!
എറണാകുളം :ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരുന്ന പ്രമുഖ സംവിധായകന്‍ ഷാഫി(56 ) അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ജനുവരി 16 ന് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളിലായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. .
പ്രശസ്ത സംവിധായകരായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ അനുജനാണ് ഷാഫി. യഥാർത്ഥ പേര് എംഎച്ച്
റഷീദ് എന്നാണ്. 1996-ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ സഹ സംവിധായകനായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ പല ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു പ്രവർത്തിച്ചു ..
2001-ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് ദിലീപ് നായകനായ കല്യാണരാമൻ, മമ്മൂട്ടി നായകനായ തൊമ്മനും മക്കളും, മായാവി.. തുടങ്ങി പതിഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തു. ഷാഫി സംവിധാനം ചെയ്ത സിനിമകളെല്ലാം നർമ്മത്തിന് പ്രാമുഖ്യം നൽകിയ സിനിമകളായിരുന്നു. മേക്കപ്പ് മാൻ അടക്കം മൂന്ന് സിനിമകൾക്ക് ഷാഫി കഥ എഴുതി. ഷെർലക് ടോംസ് എന്ന സിനിമയിൽ കഥ,തിരക്കഥ രചിച്ചതും ഷാഫിയായിരുന്നു. ലോലിപോപ്പ്, 101 വെഡ്ഡിംഗ്സ് എന്നീ സിനിമകൾ നിർമ്മിച്ചു .
ഫ്രണ്ട്സ്,ദില്ലിവാലാ രാജകുമാരൻ,ഹിറ്റ്ലർ,ആദ്യത്തെ കൺമണി,പുതുക്കോട്ടയിലെ പുതുമണവാളൻ എന്നീ സിനിമകളുടെ സഹസംവിധായകരിൽ ഒരാളായിരുന്നു.സത്യം ശിവം സുന്ദരം,തെങ്കാശിപ്പട്ടണം,
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം,ദി കാർ എന്നീ സിനിമകളിൽ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചു.
2022ൽ സംവിധാനം ചെയ്‌ത ഷെറഫുദ്ധീൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ‘ആനന്ദം പരമാനന്ദം’ ആണ് അവസാനസിനിമ .ഷെർലക് ടോംസ്,ടൂ കണ്ട്രീസ് ,101 വെഡ്ഡിംഗ്സ്,മേക്കപ്പ് മാൻ,വെനീസിലെ വ്യാപാരി,
ചട്ടമ്പിനാട്,ലോലിപോപ്പ് ,മായാവി,ചോക്ലേറ്റ് ,തൊമ്മനും മക്കളും,പുലിവാൽ കല്യാണം ,കല്യാണരാമൻ, വൺമാൻ ഷോതുടങ്ങി പതിനേഴോളം സിനിമകൾ സംവിധാനം ചെയ്‌തു .ഇതിൽ ഭൂരിപക്ഷം സിനിമകളും
ബോക്സ്ഓഫീസിൽ വൻവിജയം നേടിയ സിനിമകളാണ്.
ഷാഫിയുടെ അകാലത്തിലുള്ള വേർപാട് മലയാളസിനിമയ്ക്ക് കനത്ത നഷ്ട്ടം തന്നെയാണ്. ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുന്ന , കുടുംബസമേതം കാണാവുന്ന സിനിമകളെടുത്തിരുന്ന അപൂർവം സംവിധായകരിൽ ഒരാളായിരുന്നു അദ്ധേഹം .ജീവിച്ചിരുന്നുവെങ്കിൽ ഇനിയും എത്രയോ നല്ല സിനിമകൾ അദ്ദേഹത്തിൽനിന്ന് നമുക്ക് പ്രതീക്ഷിക്കാമായിരുന്നു.
രാവിലെ 9 മണിമുതൽ കലൂരിൽ ഷാഫിയുടെ മൃതദ്ദേഹം പൊതു ദർശനത്തിന് വെക്കും . തുടർന്ന് വൈകുന്നേരം 4 മണിക്ക് കലൂർ മുസ്ളീം ജമാഅത്തിൽ ഖബറടക്കം നടക്കും.
പ്രേക്ഷകരെ ഓർത്തോർത്ത് ചിരിപ്പിച്ചിരുന്ന കഥാപാത്രങ്ങളെയും ഡയലോഗുകളേയും സൃഷ്ട്ടിച്ച അസാമാന്യ കഴിവുള്ള നർമ്മബോധമുള്ള ഒരുകൂട്ടം സിനിമാക്കാരുടെ പിന്തുടർച്ചക്കാരനായിരുന്നു ഷാഫി .അല്ലെങ്കിൽ അവരിലൊരാളായിരുന്നു ഷാഫി . ഇന്ന് ,രാഷ്ട്രീയമായും സാമൂഹ്യപരമായും നടക്കുന്ന സാമൂഹ്യമാധ്യമ ചർച്ചകളിലൊക്കെ കമന്റുബോക്‌സിലും ട്രോളുകളായും ഷാഫിയുടെ കഥാപാത്രങ്ങളും ഡയലോഗുകളുമൊക്കെ കടന്നുവരുന്നതു ഒരു പതിവ് കാഴ്ചയാണ്.അത്രമേൽ നർമ്മം ഉടനീളം ഉപയോഗിച്ച് സിനിമയെ രൂപപ്പെടുത്തുന്ന , പ്രേക്ഷകരെ സിനിമയ്ക്ക് ശേഷവും ആനന്ദിപ്പിച്ചുകൊണ്ടിരുന്ന ഷാഫിയെപോലുള്ള സംവിധായകർ സിനിമാലോകത്ത് ഇല്ലാതാകുകയും ആ ‘സ്‌പേസു’കളിൽ ‘വയലൻസു ‘മായി വന്ന് ചിലർ ഇടംപിടിക്കുകയും ചെയ്യുന്നതാണ് മലയാളസിനിമ അഭിമുഖീകരിക്കുന്ന വർത്തമാനകാല ദുരന്തം എന്ന് പറയാതെ വയ്യ!
ഷാഫി എന്ന സംവിധായകൻ്റെ വേർപാട് വലിയൊരു ദുഃഖമായി മാറുന്നതും അതുകൊണ്ടു തന്നെയാണ് .
ആദരാഞ്ജലികളോടെ സഹ്യ ന്യുസ് & ടിവി