ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ : പ്രഥമ ശുശ്രൂഷാ ട്രക്കുകൾ ഗാസയിലേക്ക്
കെയ്‌റോ/ഗാസ: ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഈജിപ്‌തിൽ നിന്ന് പ്രഥമ ശുശ്രൂഷാ ട്രക്കുകൾ ഗാസയിലേക്ക് കടന്നതായി പലസ്‌തീൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗാസയുടെ തെക്ക് ഭാഗത്തുള്ള കെരെം ഷാലോമിന്‍റെ അതിർത്തി കടന്ന് തീരദേശ മേഖലയിലേക്ക് ആദ്യ മാനുഷിക സഹായം പ്രവേശിച്ചതായി സ്രോതസ്സുകൾ സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഡസൻ കണക്കിന് സഹായ ട്രക്കുകൾ ഈജിപ്ഷ്യൻ ഭാഗത്തേക്ക് കടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള നൈൽ ടിവി പുറത്തുവിട്ടു. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ഖത്തർ, യുണൈറ്റഡ് സ്‌റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരും കെയ്‌റോയിൽ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റ ഗാസ നിവാസികളെ പ്രവേശിപ്പിക്കാനുള്ള ആശുപത്രികളുടെ സജ്ജീകരണം പരിശോധിക്കുന്നതിനും മറ്റുമായി ഈജിപ്‌ത് ആരോഗ്യ മന്ത്രി ഖാലിദ് അബ്‌ദുൽ ഗഫാറും മന്ത്രി മായ മോർസിയും ശനിയാഴ്‌ച പുലർച്ചെ അരിഷ് വിമാനത്താവളത്തിലെത്തിയതായി ഈജിപ്ഷ്യൻ സ്‌റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
2023 ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 47,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 1,10,700 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നു.