ക്ഷേമ പെൻഷൻ തട്ടിപ്പ് ചർച്ചചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്തത്തിൽ യോഗം
തിരുവനന്തപുരം:കേരള സർക്കാർ നൽകിവരുന്ന സാമൂഹ്യക്ഷേമ പെൻഷൻ, അനർഹർ തട്ടിയെടുക്കുന്നത് വെളിപ്പെട്ട സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.യോഗത്തിൽ ധനവകുപ്പ് – തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുക്കും.
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താൻ ധനവകുപ്പ് നിർദ്ദേശിച്ചിരിക്കയാണ് .തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തും . വാർഡ് അടിസ്ഥാനത്തിൽ തന്നെ പരിശോധന നടത്തും. നിശ്ചിത സമയ പരിധി വച്ച് അർഹതാ മാനദണ്ഡങ്ങൾ വിലയിരുത്താനും ആലോചന ഉണ്ട്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ അറുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളിൽ അനർഹർ കടന്ന് കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കർശന പരിശോധന തുടരണമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെയും നിലപാട്.
ഇതിനിടയിൽ മരിച്ചവരുടെ പേരിലും ക്ഷേമപെൻഷൻ വാങ്ങുന്നത് കണ്ടെത്തിയിട്ടുണ്ട് . മരിച്ച നാലായിരത്തിമുപ്പത്തൊമ്പത് പേരിൽ 1698 പേർക്കും, പട്ടികയിൽ നിന്ന് പേര് നീക്കാത്തത് മൂലം പെൻഷൻ
നല്കിവരുന്നതായി തിരിച്ചറിഞ്ഞു . കൂടാതെ ചിലർ രണ്ടു പെൻഷന് വാങ്ങിവരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
പെൻഷൻ തട്ടിപ്പിൽ നടപടിയെടുക്കുമെന്ന് കോട്ടയ്ക്കൽ നഗരസഭാ വ്യക്തമാക്കി .അനർഹരെന്നു കണ്ടെത്തിയ 63 പേരെ നേരിൽ കാണുമെന്ന് നഗരസഭാ സെക്രട്ടറിപറഞ്ഞു .