മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ അനുമതി?

0

നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ പ്രവര്‍ത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയാതായി വാർത്ത .2021 മുതല്‍ തന്നെ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിവിധ എതിര്‍പ്പുകളെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല. നിലവില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ 6,419 ഉപഗ്രഹങ്ങളും 100 രാജ്യങ്ങളിലായി നാല് ദശലക്ഷം വരിക്കാരുമുണ്ട്.
ബ്രോഡ്ബാന്‍ഡിനുള്ള സാറ്റലൈറ്റ് സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കാതെ ഇത്തവണ ഭരണപരമായാണ് അനുവദിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ മുകേഷ് അംബാനിയുടെ റിലയന്‍സും സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലും രംഗത്തുവന്നു.
ഇതിനിടെ മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ ആശങ്കയറിയിച്ച് ചില എജന്‍സികളും രംഗത്തെത്തി.

നിലവില്‍ മൊബൈല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബറുകളും വഴി ലഭ്യമായികൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാറ്റലൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് ‘സാറ്റലൈറ്റ് ഇന്റര്‍നെറ്റ്’ എന്ന് പറയുന്നത്. നിലവില്‍ ഐഎസ്ആര്‍ഒയില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത് .

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാറ്റലൈറ്റ് കച്ചവടം കൊണ്ടുവന്നാലുള്ള സാധ്യതകള്‍ മസ്‌ക് ഇതിനോടകം മനസിലാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എണ്‍പത് ശതമാനവും റിലയന്‍സിന്റെ ജിയോയും സുനില്‍ മീത്തലിന്റെ ഭാരതി എയര്‍ടെലുമാണ് കൈവശം വെച്ചിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും ഇപ്പോഴും ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ കവറേജും ലഭിക്കാതിരിക്കുന്നുണ്ട്. ടവറുകളുടെ അപര്യാപ്തതയും സേവനങ്ങള്‍ എത്തിക്കാനുള്ള സാങ്കേതിക തടസങ്ങളുമാണിതിന് കാരണം. എന്നാല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റും കോള്‍ സര്‍വീസും എത്തുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്ത് ഉള്ളവര്‍ക്കും എളുപ്പം ഇന്റര്‍നെറ്റും മറ്റും സര്‍വീസുകളും ഉപയോഗിക്കാന്‍ സാധിക്കും.
കണ്‍സള്‍ട്ടിംഗ് കമ്പനിയായ EY-Parthenon-ന്റെ പഠനമനുസരിച്ച് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളില്‍ ഏകദേശം 40% പേര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യതയില്ല . അതേസമയം ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ചൈനയില്‍ ഏകദേശം 1.09 ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് ആഗോള ഓണ്‍ലൈന്‍ ട്രെന്‍ഡുകള്‍ ട്രാക്ക് ചെയ്യുന്ന DataRepor-tal-ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ രാജ്യത്ത് സര്‍വീസ് നല്‍കുന്ന വിവിധ കമ്പനികള്‍ വിവിധ സ്‌പെക്ട്രങ്ങള്‍ക്കായി ലേലത്തില്‍ പങ്കെടുത്താണ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇതിനിടെ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പോലൊരു കമ്പനി ഇന്ത്യയിലേക്ക് എത്തുകയും ലേലമില്ലാതെ തന്നെ സ്‌പെക്ട്രം സ്വന്തമാക്കുകയും ചെയ്യുന്നത് തങ്ങളുടെ വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് വിവിധ കമ്പനികള്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ ടെലികോം റെഗുലേറ്റര്‍ ഇതുവരെ സ്‌പെക്ട്രം വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കി മസ്‌ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും നേരിടേണ്ടതെന്ന് ഇപ്പോഴും കമ്പനികള്‍ക്ക് കണ്ടെത്താനായിട്ടില്ല.

മസ്‌കിന്റെ വെല്ലുവിളി നേരിടുന്നതിനായി ജിയോ ഇതിനോടകം എയര്‍വേവ് ലേലത്തിന് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള മുന്‍നിര സാറ്റലൈറ്റ് ഓപ്പറേറ്ററായ എസ്ഇഎസ് ആസ്ട്രയുമായി ജിയോ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

വേഗത്തിലുള്ള ഇന്റര്‍നെറ്റ് – കോള്‍ സേവനങ്ങള്‍ക്കായി ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതല്‍ 1,000 കിലോമീറ്റര്‍ വരെ സ്ഥാനമുള്ള ലോ-എര്‍ത്ത് ഓര്‍ബിറ്റ് (LEO) ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി മീഡിയം-എര്‍ത്ത് ഓര്‍ബിറ്റ് (MEO) ആണ് എസ് ഇ എസ് ഉപയോഗിക്കുന്നത്. ഇത് താരതമ്യേന ചിലവ് കുറഞ്ഞ രീതിയാണ്.

എലോൺ മസ്‌കിൻ്റെ ടെസ്‌ലയുടെയും സ്റ്റാർലിങ്കിൻ്റെയും ഇന്ത്യയിലേക്കുള്ള പ്രവേശന സാധ്യതയെക്കുറിച്ച്, മുന്നണിയിൽ ഇപ്പോൾ ചർച്ചകളൊന്നുമില്ലെന്നാണ് കേന്ദ്ര വാണിജ്യവ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ പറയുന്നത് . “എൻ്റെ അറിവിൽ ടെസ്‌ലയെക്കുറിച്ചോ സ്റ്റാർലിങ്കിനെക്കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല.” ഗോയൽ വ്യക്തമാക്കി .

കഴിഞ്ഞ ദിവസം ലൈസൻസില്ലാതെ രാജ്യത്ത് പ്രവർത്തിച്ചതിന് എലോൺ മസ്‌കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് ദാതാവായ സ്റ്റാർലിങ്കിന് നിർത്തലാക്കാനുള്ള ഉത്തരവ് നമീബിയയിലെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി വ്യാഴാഴ്ച പുറപ്പെടുവിച്ചു.

സ്‌പേസ് എക്‌സിൻ്റെ സാറ്റലൈറ്റ് യൂണിറ്റായ സ്റ്റാർലിങ്ക് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റുള്ളവയിൽ നിയന്ത്രണ വെല്ലുവിളികളും സംസ്ഥാന ടെലികോം കുത്തകകളിൽ നിന്നുള്ള പ്രതിരോധവും നേരിടേണ്ടി വന്നിട്ടുണ്ട്.
നമീബിയയിൽ ഒരു ടെലികമ്മ്യൂണിക്കേഷൻ സേവന ലൈസൻസിനായി Starlink അപേക്ഷ സമർപ്പിച്ചു, എന്നിരുന്നാലും അപേക്ഷ അവലോകനത്തിലായതിനാൽ റെഗുലേറ്റർ ലൈസൻസ് ഇതുവരെ നൽകിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *