അന്തർവാഹിനിയിൽ നിന്ന് ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ ഇന്ത്യ പരീക്ഷിച്ച്
ന്യൂഡൽഹി: പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഗാത് അന്തർവാഹിനിയിൽ നിന്ന് ആണവായുധ ശേഷിയുളള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. 3500 കിലോമീറ്റർ വരെ ചെന്ന് ലക്ഷ്യം കാണുന്ന ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ത്യ പരീക്ഷിച്ചത്. വിശാഖപ്പട്ടണത്താണ് മിസൈൽ പരീക്ഷണം നടന്നത്. പരീക്ഷണത്തെപ്പറ്റി ഔദ്യോഗിക അറിയിപ്പുകൾ ഒന്നും മുൻപ് നൽകിയിരുന്നില്ല. സോളിഡ് ഫ്യുവൽഡ് കെ 4 മിസൈലാണ് പരീക്ഷിച്ചത് എന്നാണ് ‘ടൈംസ് ഓഫ് ഇന്ത്യ; റിപ്പോർട്ട് ചെയ്യുന്നത്. പരീക്ഷണം വിജയമായിരുന്നോ എന്നത് തുടങ്ങി മറ്റൊരു വിവരങ്ങളും ലഭ്യമല്ല.
ആണവായുധ ശേഷിയുളള രാജ്യത്തെ രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎൻഎസ് അരിഗാത്. ഓഗസ്റ്റ് 29നാണ് മുങ്ങിക്കപ്പൽ കമ്മീഷൻ ചെയ്തത്. മുൻഗാമിയായിരുന്ന ഐഎൻഎസ് അരിഹന്തിനേക്കാൾ സാങ്കേതികമായി മികച്ചുനിൽക്കുന്ന മുങ്ങിക്കപ്പൽ കൂടിയാണിത്. കെ 4 മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളവ കൂടിയാണ് ഈ മുങ്ങിക്കപ്പൽ. അടുത്ത വർഷം ഐഎൻഎസ് അരിധമാൻ എന്ന മുങ്ങിക്കപ്പൽ കൂടി കമ്മീഷൻ ചെയ്യുന്നതോടെ ഇന്ത്യയുടെ സൈനിക ശക്തി വർധിക്കുമെന്നാണ് വിലയിരുത്തൽ