നവംബർ 26 / ഇന്നും നടക്കുന്നോരോർമ്മ !
മുംബൈ: 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം !
10 ഭീകരരടങ്ങിയ സംഘം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ലക്ഷ്യമിട്ട് കടൽ കടന്നെത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്‍ത ദിവസം!
നാല് ദിവസമാണ് മതഭ്രാന്തന്മാരായ പാക് ഭീകരര്‍ മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തിയത്. ആക്രമണത്തില്‍ വിദേശികളടക്കം195 പേരാണ് കൊല്ലപ്പെട്ടത്! പരിക്കേറ്റവർ നിരവധി ! സംഭവത്തിന് ദൃക്‌സാക്ഷികളാകേണ്ടിവന്നവരിൽ ചിലർ ഇപ്പോഴും മാനസികമായ ബുദ്ധിമുട്ടുകളോടെ ജീവിതം തുടരുന്നു…
ലഷ്‌കര്‍-ഇ-ത്വയ്ബ എന്ന ഭീകരസംഘടന പിന്നീട് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ മുംബൈയിലെത്തിയത്. 2008 നവംബര്‍ 23ന് പാക് സംഘം ഇന്ത്യന്‍ ഫിഷിങ് ട്രോളറായ എംവി കൂബര്‍ തട്ടിയെടുത്തായിരുന്നു അവരുടെ രാക്ഷസീയമായ വരവ്!. ബോട്ട് തകരാറിലായെന്ന വ്യാജേന അവര്‍ മുംബൈ തീരത്തിറങ്ങി. എംവി കൂബറിന്റെ ക്യാപ്റ്റന്‍ അമര്‍ചന്ദ് സോളങ്കിയെ അവർ വധിച്ചു. സമുദ്രമാര്‍ഗം എത്തി നടത്തിയ ഈ ആക്രമണം, ഇന്ത്യയുടെ സുരക്ഷ സംവിധാനത്തെ ഏറെ വിമര്‍ശിക്കപ്പെടാൻ പിന്നീട് കാരണമായി മാറി.
മുംബൈ പോലീസ് ആസ്ഥാനത്തിനടുത്തുള്ള ലിയോപോള്‍ കഫെയായിരുന്നു ഭീകരര്‍ ആദ്യം ലക്ഷ്യമിട്ടത്. അഞ്ച് തീവ്രവാദികള്‍ കഫെയെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. നിമിഷങ്ങള്‍ക്കകം തന്നെ നരിമാന്‍ ഹൗസിനടുത്തുള്ള കൊളാബയിലെ പ്രെട്രോള്‍ പമ്പിന് നേരെയും ആക്രമണം നടന്നു. പെട്രോള്‍ പമ്പ് പൊട്ടിത്തെറിപ്പിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം എന്നാല്‍ അത് പരാജയപ്പെട്ടു. തുടര്‍ന്ന് ജൂതന്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള നരിമാന്‍ ഹൗസിലും ആക്രമണം അഴിച്ചുവിട്ടു. നരിമാന്‍ ഹൗസ് ആക്രമണത്തില്‍ ആറ് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും ബേബി മോഷെ എന്ന രണ്ടുവയസുകാരനായ ഇസ്രായേലി ബാലന്‍ അനാഥനാക്കപ്പെടുകയും ചെയ്തു. ബേബി മോഷെ പിന്നീട് മുംബൈ ആക്രമണത്തെ അതിജീവിച്ചവരുടെ പ്രധാന മുഖമായി മാറി.നിമിഷങ്ങള്‍കൊണ്ട് ഭീകരര്‍ ഹോട്ടലുകളിലും വെടിയുതിര്‍ത്തു. താജ് ഹോട്ടലിനകത്ത് പ്രവേശിച്ച അക്രമികള്‍ ആളുകള്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വിഐപികളും ടൂറിസ്റ്റുകളുമടക്കം നിരവധിപേരാണ് ഹോട്ടലിനകത്ത് ബന്ദികളാക്കപ്പെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ട്രൈഡന്റിലും ആക്രമണമുണ്ടായി. ഹോട്ടല്‍ ഒബ്രോയിലും ഭീകരര്‍ കടന്നുകയറി. താജ് ഹോട്ടലില്‍ നിന്ന് ഉയര്‍ന്ന തീയും പുകയും ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി.പ്രധാനമായും ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയിന്റ്, താജ്മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ , ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ, മെട്രോ അറ്റ്ലാന്റ് തീയറ്റർ, പോലീസ് ഹെഡ് കോർട്ടേഴ്‌സ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം .
. പോലീസ് ഹെഡ് കോർട്ടേഴ്‌സ് ആക്രമണത്തിൽ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌കോഡ് തലവനുൾപ്പടെ 3 ഉന്നത ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. താജ് ഹോട്ടലിൽ കടന്ന ഭീകരരെ ഒഴികെ മുഴുവൻ അക്രമികളെയും മുംബൈ പോലീസ് വധിക്കുകയോ ബന്ധനസ്ഥരാക്കുകയോ ചെയ്തു. താജിനെ ഭീകരമുക്തമാക്കുന്നതിന് വേണ്ടി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 51 NSGവിങ് കാമന്റോകൾ ഡൽഹിയിൽ നിന്നും 6 മണിക്കൂർ കൊണ്ട് മുംബൈയിൽ എത്തിച്ചേരുകയും ഓപറേഷൻ ബ്ലാക്ക് തൊർണാഡോ ആരംഭിക്കുകയും ചെയ്തു. മുൻ നിരയിൽ നിന്ന് NSGയെ നയിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഒറ്റയ്ക്ക് നിരവധി ജീവനുകൾ രക്ഷിക്കുകയും, ഒടുവിൽ പരദേശിഭീകരന്മാരുടെ വെടിയുണ്ടകളെ പ്രതിരോധിക്കുന്നതിനിടയിൽ
രാജ്യത്തിനുവേണ്ടി വീരമൃത്യുവരിക്കുയും ചെയ്തു. രാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയയി അശോക ചക്ര നൽകി ആദരിച്ചു.
ഓപറേഷൻ ബ്ലാക്ക് തൊർണാഡോയിൽ ഇന്ത്യൻ നേവിയുടെ MARCOS കമാൻഡോകളും രഹസ്യമായി പങ്കാളികളയി. 51 NSG വിങ് അതികഠിനമായ പോരാട്ടത്തിലൂടെ മുംബൈ നഗരം ഭീകരരിൽ നിന്നും പൂർണമായും തിരികെ പിടിച്ചു. 60 മണിക്കൂർ നീണ്ടു നിന്ന സൈനിക നീക്കം അവസാനിക്കുമ്പോൾ 22 വിദേശികൾ അടക്കം 195 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് സരമായ പരിക്കുകളേൽക്കുകയും ചെയ്‌തു.
ആ ദുരന്തകാലത്തെ അതിജീവിച്ച മുംബൈനിവാസികൾക്കും തല നാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കുമെല്ലാം എന്നും നടക്കുന്നോരോർമ്മയാണ് നവ൦ബർ -26…!
രക്തസാക്ഷികൾക്ക് സഹ്യ-യുടെ ആദരാജ്ഞലികൾ!