കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു
കൊച്ചി: കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു. ഇരുമ്പനം ബിപിസിഎൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. രാത്രി 11 മണിയോടെ കളമശ്ശേരി ടി വി എസ് കവലയിൽ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം ഉയർത്തുന്നതിനിടയിൽ ഇന്ധനം ചോർന്നത് ആശങ്കയ്ക്കിടയാക്കി. 18 Sൺ പ്രൊപിലീൻ ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്.11.15 ന് കളമശ്ശേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
രാത്രി ഒരു മണിയോടെ ബിപിസിഎൽ എമർജൻസി റെസ്പോൺസിബിൾ ടീം സ്ഥലത്തെത്തി. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തിൽ ഉറപ്പ് വരുത്തിയ ശേഷം ടാങ്കർ ഉയർത്താനുള്ള നടപടികൾ തുടങ്ങി. എന്നാൽ നാല് മണിയോടെ വാതകചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്ക പടർന്നു. തുടർന്ന് ബിപിസിഎൽ ടെക്നിക്കൽ ടീമും ഫയർഫോഴ്സും എത്തി അടിയന്തര നടപടികൾ സ്വീകരിച്ചതോടെ അഞ്ച് മണിയോടെ ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂരിൽ നിന്നുള്ള ക്യാബിൻ ലോറി എത്തിച്ച് കളമശ്ശേരിയിൽ നിന്ന് ടാങ്കർ ലോറി കൊണ്ടുപോകും.