വീട്ടിലുണ്ടായ വാക്കുതര്‍ക്കം: ജ്യേഷ്ഠനെ അടിച്ചുകൊന്നു
തൊടുപുഴ: പീരുമേട്ടില്‍ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അനുജനും അനുജത്തിയും ചേര്‍ന്ന് ജ്യേഷ്ഠനെ അടിച്ചുകൊന്നു. അമ്മ നോക്കിനില്‍ക്കെയാണ് സംഭവം. പള്ളിക്കുന്ന് വുഡ്ലാന്‍ഡ്‌സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്തില്‍ ബാബുവിന്റെ മകന്‍ ബിബിന്‍ (29) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരങ്ങളായ വിനോദ് (24), ബിനിത (26), അമ്മ പ്രേമ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിബിനെ ആശുപത്രിയിലെത്തിച്ച പ്രതികള്‍ സംഭവം ആത്മഹത്യയാണെന്നാണ് പ്രചരിപ്പിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബിനിതയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. 5-ാം തീയതി വൈകീട്ട് ബിബിന്‍ മദ്യപിച്ചു വീട്ടിലെത്തി. ബിനിതയുടെ സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ബിബിന്‍ ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
ഇതുകണ്ട ബിനിത വീട്ടിലിരുന്ന ഫ്‌ലാസ്‌ക് എടുത്തു ബിബിന്റെ തലയ്ക്കടിച്ചു. അതിനിടെ സഹോദരന്റെ ചവിട്ടേറ്റു കുഴഞ്ഞുവീണ ബിബിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ആത്മഹത്യയെന്ന് ബന്ധുക്കള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച കേസില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഡിവൈഎസ്പി വിശാല്‍ ജോണ്‍സ്, എസ്‌എച്ച്‌ഒ ഗോപിചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്