പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി
ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്‍റെ സഹോദരൻ
തലശേരി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതി തള്ളി.
എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു മാധ്യമങ്ങളൊട് പറഞ്ഞു . ദിവ്യയെ പൊലീസിന് തുടക്കത്തിലേ അറസ്റ്റ് ചെയ്യാമായിരുന്നു. വിഷയത്തില്‍ നിയമപോരാട്ടത്തിനാണ് കുടുംബം ഇറങ്ങിയത്. ഏതറ്റം വരെ പോകാനും കുടുംബം ഒരുക്കമാണെന്നും പ്രവീണ്‍ ബാബുവ്യക്തമാക്കി. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ പോകാന്‍ അവകാശമുണ്ട്. ദിവ്യ ഹൈക്കോടതിയെ സമീപിച്ചാല്‍ കുടുംബവും എതിരായി കോടതിയെ സമീപിക്കും. രാഷ്ട്രീയമായിട്ടല്ല കുടുംബം കേസിനു പോയത്. ഒരു പൊളിറ്റിക്‌സിനെയും ഭയപ്പെടുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും നിര്‍ദേശവും വന്നിട്ടില്ല. കേസില്‍ ലീഗല്‍ സൈഡ് മാത്രമേ നോക്കിയിട്ടുള്ളൂ എന്നും പ്രവീണ്‍ ബാബു വ്യക്തമാക്കി.
ഈ കേസില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ തുടക്കം മുതലേ യാതൊരു വിലക്കുമില്ലായിരുന്നു. പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ ചെയ്തില്ല. ഈ നിമിഷവും അറസ്റ്റ് ചെയ്യാം. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനൊന്നുമല്ല. അതുകൊണ്ടു തന്നെ പാര്‍ട്ടി നേതൃതത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ല. കേസ് സത്യസന്ധമായ അന്വേഷണം നടക്കുക, പുതിയ കുറ്റപത്രം നല്‍കുക തുടങ്ങിയവയാണ് കുടുംബം ആഗ്രഹിക്കുന്നത്.
തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയും, താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണം തള്ളിയും കോടതിയെ സമീപിച്ച ദിവ്യ നവീന്‍ ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി നവീന്‍ ബാബുവിനെതിരേ നേരത്തെയും ഉണ്ടായിരുന്നുവെന്നും പ്രശാന്തനു പുറമേ ഗംഗാധരന്‍ എന്നൊരാളും എഡിഎമ്മിനെതിരേ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ദിവ്യ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശ്യം മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും തന്റെ പ്രസംഗം ഏതെങ്കിലും വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിയിടാനായിരുന്നില്ലെന്നും പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ തെറ്റുചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുനന്നു ദിവ്യ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത് .