നാഗദൈവങ്ങൾ, നാഗാരാധനയെ കുറിച്ച് അറിയേണ്ടതെല്ലാം
നഗ്നനേത്രങ്ങളാൽ കാണാനാകുന്ന പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങൾ. അതുകൊണ്ടു തന്നെ നാഗങ്ങളെ വിധിയാംവണ്ണം ആരാധിക്കുകയും വിശ്വാസത്തോടെ പൂജിക്കുകയും ചെയ്താൽ എത്ര വലിയ ദുരിതത്തിനും പരിഹാരമാകും. സങ്കടമോചനം, സന്താനദുരിതമോചനം, സന്താനസൗഭാഗ്യം, ആയുരാരോഗ്യസൗഖ്യം, സമ്പത് സമൃദ്ധി, മനഃസമാധാനം ഇതിനെല്ലാം നാഗാരാധന പോലെ ഫലപ്രദമായി മറ്റൊന്നുമില്ല. ലോകത്തെല്ലായിടത്തും നാഗാരാധനയക്ക് പ്രാധാന്യമുണ്ടാകാൻ കാരണം ഇതുതന്നെ.
നാഗം, സർപ്പം എന്നീ രണ്ടുവാക്കുകളും സാധാരണ ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. പക്ഷേ താന്ത്രികമായി രണ്ടും രണ്ടാണ്. പൊതുവെ നാഗങ്ങൾ വൈഷ്ണവവും സർപ്പങ്ങൾ ശൈവവുമാണ്. അനന്തൻ നാഗവും (വൈഷ്ണവം) വാസുകി, സർപ്പവും (ശൈവം) ആണ്. നാഗത്തിനു വിഷമില്ല; സർപ്പത്തിന് വിഷമുണ്ട്. സർപ്പങ്ങൾക്ക് നാഗങ്ങളെ അപേക്ഷിച്ച് ദേഷ്യം കൂടുതലാണ്. ആകൃതിഭേദമനുസരിച്ച് ചിലതിനെ സർപ്പങ്ങൾ എന്നും മറ്റു ചിലതിനെ നാഗങ്ങൾ എന്നും വിളിക്കുന്നു. സ്ഥിരമായി ഒരു സ്ഥലത്തുതന്നെ നില്ക്കുന്നവയാണ് നാഗങ്ങൾ, എന്നാൽ സർപ്പങ്ങൾ സർവ്വവ്യാപിയാണ്. നാഗങ്ങൾ പാതാളത്തിൽ വസിക്കുന്നതായാണ് സങ്കല്പം. ഭൂമിയിലെ അവരുടെ പ്രതീകങ്ങളാണ് സർപ്പങ്ങൾ. ഭഗവദ്ഗീതയിൽ സർപ്പശ്രേഷ്ഠനായ വാസുകിയും നാഗശ്രേഷ്ഠനായ അനന്തനും താൻ തന്നെയാണെന്ന് മഹാവിഷ്ണു സൂചിപ്പിക്കുന്നു. സർപ്പങ്ങളും നാഗങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. സർപ്പത്തിന് ഒരു ഫണമേയുള്ളു; നാഗത്തിന് പലതുണ്ട്. ബഹുഫണങ്ങളുള്ള സർപ്പങ്ങളാണ് നാഗങ്ങൾ. അവയിൽ ആയിരം ഫണങ്ങളുള്ള ആദിശേഷനെ മെത്തയാക്കി മഹാവിഷ്ണു യോഗനിദ്ര ചെയ്യുന്നു. നാഗവും സർപ്പവും രണ്ടാണെന്ന വിശ്വാസത്തിൽ കാവും കുളവും ചിത്രകൂടവുമൊക്കെ സർപ്പാരാനയുടെ ഭാഗമായി കരുതിവരുന്നു. നാഗങ്ങളെ ഭയംകൊണ്ട് ഓടിക്കുന്നതിൽ ദോഷമില്ല. സർപ്പങ്ങൾ കാലദോഷംകൊണ്ട് മാത്രമേ ഉപദ്രവിക്കുകയുള്ളൂ എന്നു കരുതുന്നു.
നാഗാരാധന ഏറ്റവും വ്യാപകമായുള്ളത് കേരളത്തിലാണ്. സർപ്പപ്രതിഷ്ഠ, അഷ്ടനാഗപൂജ, സർപ്പസംസ്കാരം, സർപ്പബലി, സർപ്പംപാട്ട്, പുള്ളുവപ്പാട്ട്, നാഗത്തെയ്യം, നാഗത്തേറ്റം, കുറുന്തിനിപ്പാട്ട്, നാഗപഞ്ചമി, തിരിയുഴിച്ചിൽ, കമ്പളം, ആയില്യപൂജ, പാൽപ്പായസ ഹോമം, കളമെഴുത്ത്. മഞ്ഞൾപ്പൊടി നേദ്യം, നൂറും പാലും തുടങ്ങിയവയാണ് സർപ്പാരാധനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന അനുഷ്ഠാനങ്ങൾ.
സർപ്പപ്രതിഷ്ഠ
കാവുകളിലും ക്ഷേത്രങ്ങളിലുമാണ് സർപ്പങ്ങളെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. കരിങ്കൽ ബിംബങ്ങൾ, ചിത്രകൂടങ്ങൾ എന്നിവ കൂടാതെ നാഗരാജാവിന്റെ വലിയ പ്രതിമ കാവുകളിൽ പൂജിക്കുന്ന പതിവും ഉണ്ട്. ചില പുരാതന കുടുംബങ്ങളിലും നാഗപ്രതിഷ്ഠ കാണാം. നാഗ്രപതിഷ്ഠ ഏറ്റവും ശുദ്ധമായി സംരക്ഷിക്കേണ്ടതാണ്. മാസമുറ, പുല, വാലായ്മ തുടങ്ങിയ സമയങ്ങളിൽ പ്രതിഷ്ഠയെയോ കാവിനെയോ തീണ്ടാൻ പാടില്ല. അതുകൊണ്ട് വീടുകളിൽ സർപ്പപതിഷ്ഠ സ്ഥാപിക്കാത്തതാണ് നല്ലത്. പകരം ക്ഷേത്രങ്ങളിലോ കാവിലോ നടക്കുന്ന ആയില്യപൂജയിലും മറ്റും ഭക്തിയോടെ പങ്കെടുത്ത് പ്രാർത്ഥിക്കുന്നതാണ് ഫലപ്രദം.
ആയില്യപൂജ
ആയില്യം സർപ്പങ്ങളുടെ ജന്മനക്ഷത്രമായാണ് സങ്കല്പം. കന്നിയിലെ ആയില്യമാകട്ടെ രാജാവിന്റെ ജന്മദിനമത്രേ. അതുകൊണ്ടാണ് കന്നിയിലെ ആയില്യം ഏറ്റവും പ്രധാനമാകുന്നത്. എല്ലാ മാസത്തിലും ആയില്യത്തിന് സർപ്പപ്രീതിക്ക് നാഗ്രപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും, സർപ്പബലി തുടങ്ങിയവ നടത്താറുണ്ട്. നാഗരാജക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനം മണ്ണാറശ്ശാല നാഗരാജക്ഷേത്രമാണ്. വെട്ടിക്കോട്, പാമ്പുമേക്കാവ്, നാഗർകോവിൽ എന്നിവയാണ് മറ്റ് പ്രധാന നാഗരാജ ക്ഷേത്രങ്ങൾ.
അഷ്ടനാഗപൂജ
ഏറെ വിശേഷപ്പെട്ട പൂജയാണ് അഷ്ടനാഗപൂജ വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലൻ, ഗുളികൻ, പത്മൻ, മഹാപത്മൻ, അനന്തൻ എന്നീ അഷ്ടനാഗങ്ങളെ ശ്രീപരമേശ്വരനൊപ്പം പത്മമിട്ട് പൂജിച്ച് നൂറും പാലും നല്കുന്നതിനാണ് അഷ്ടനാഗപൂജയെന്ന് പറയുന്നത്. പാൽപ്പായസം സർപ്പത്തെ കൊല്ലുക, സർപ്പസ്ഥാനം തകർക്കുക എന്നിവയ്ക്കുള്ള പരിഹാരമാണ് പാൽപ്പായസഹോമം, സ്വർണ്ണനാഗവും, വെള്ളിമുട്ടയും ചെമ്പുറ്റിൽ വച്ച് സകല ദുരിതങ്ങളും ആവാഹിച്ച് വേണം പായസഹോമം നടത്താൻ. ഒപ്പം നൂറും പാലും സർപ്പബലിയും കൂടി നടത്തേണ്ടതാണ്.
സർപ്പസംസ്കാരം
മറ്റൊരു പ്രധാനപൂജ സർപ്പസംസ്കാരമാണ്. അറിഞ്ഞോ അറിയാതെയോ ജന്മാന്തരങ്ങളായി ചെയ്തുപോയ സർപ്പ വധം, സർപ്പക്കാവ് നശിപ്പിക്കൽ, സർപ്പമുട്ട നശിപ്പിക്കൽ തുടങ്ങിയവയ്ക്കുള്ള പ്രായശ്ചിത്തക്രിയയാണ് സർപ്പസംസ്കാരം, ഇത്തരം പാപങ്ങൾക്ക് സർപ്പസംസ്കാരം നടത്തിയില്ലെങ്കിൽ വരും തലമുറകൾക്ക് അത് ദോഷമായി മാറും. മഹാരോഗങ്ങളും മാറാരോഗങ്ങളും സന്താനദുരിതവും ഇതിന്റെ ഫലമായുണ്ടാകും. കൊലചെയ്യപ്പെട്ട നാഗചൈതന്യത്തെ ആവാഹിച്ച്, പുതിയൊരു വിഗ്രഹത്തിലാക്കി പാൽപ്പായസ ഹോമസഹിതം അനുയോജ്യമായ സ്ഥലത്ത് കുടിയിരുത്തി, സർപ്പബലി നടത്തി സർപ്പത്തിനെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണ് സർപ്പസംസ്കാരം. ആമേടമനക്കാർ ആണ് ആധികാരമായി സർപ്പസംസ്കാര കർമ്മം ചെയ്യുന്നത്. എറണാകുളം ജില്ലയിലാണ് ഈ മന. കാസർകോട്ടെ ശ്രീമദനന്തേശ്വരക്ഷേത്രത്തിലും ഈ കർമ്മം നടത്തുന്നുണ്ട്. അതുപോലെ കേരളകർണ്ണാടക അതിർത്തിയിലുള്ള കുക്കേശ്രീ സുബ്രഹ്മണ്യക്ഷേത്രമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർപ്പസംസ്കാരം നടത്തുന്നത്. ദിവസം ഏതാണ്ട് ആയിരത്തോളം സർപ്പസംസ്കാരം ഇവിടെ നടത്തുന്നുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാടും ഇതുതന്നെ.
നൂറുംപാലും
സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന പ്രധാനപ്പെട്ട നിവേദ്യമാണ് നൂറുംപാലും. സർപ്പങ്ങൾക്ക് നൽകുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിനെ പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരി ച്ചിട്ടുവേണം നൂറും പാലും തർപ്പിക്കാൻ. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്.
സർപ്പബലി
ഏറ്റവും ചെലവേറിയ നാഗാരാധന അനുഷ്ഠാനം സർപ്പബലിയാണ്. വലിയ ചെലവായതിനാൽ അപൂർവ്വമായേ ഈ ദോഷപരിഹാരകർമ്മം നടത്താറുള്ളൂ. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുരയെന്നാണ് ഇതിനെ പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും.പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ, ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത് എന്നാണ് വിശ്വാസം. മനുഷ്യർ അത് കാണാൻ പാടില്ല. ഓലമറയ്ക്കുള്ളിലാണ് സർപ്പബലി നടത്തുന്നത് പടിഞ്ഞാറായിരിക്കണം ഇതിന്റെ വാതിൽ. ബലിപ്പുര അലങ്കരിച്ച് കളംവരച്ച് നെല്ലും, അരിയും, നാളികേരവും ദർഭകൊണ്ടുള്ള കുർച്ചവും വച്ച് ചണ്ഡേശ്വരനെ സങ്കല്പിച്ച് വേണം പൂജിക്കാൻ. അഷ്ടനാഗങ്ങളെയും മറ്റു നാഗങ്ങളെയും സങ്കല്പിച്ചും പൂജ നടത്തണം. നിവേദ്യം കഴിഞ്ഞ് ഹവിസ്സ് ഉരുളകളായി തൂകണം. അതിനുശേഷം നൂറുംപാലും തർപ്പിച്ച് ചടങ്ങ് അവസാനിപ്പിക്കാം.
പുളളുവപ്പാട്ട്
നാഗാരാധനയുടെ ഏറ്റവും പ്രധാന ഘടകമാണ് പുളളുവപ്പാട്ട്, പുള്ളുവർ പാടുന്നതുകൊണ്ടാണ് പുള്ളുവപ്പാട്ട് എന്നുപറയുന്നത്. നാഗപീതിക്കാണ് പുള്ളുവർ പാട്ടുനടത്തുന്നത്. പുള്ളവക്കുടവുമായി വീടുതോറും കയറിയിറങ്ങി നാഗസ്തുതി പാടുന്ന പുള്ളുവർ ഇന്ന് അപൂർവ്വമാണെങ്കിലും ക്ഷേത്രങ്ങളിലാണ് ഇവരെ കൂടു തൽ കാണുന്നത്. ഐശ്വര്യവും ആരോഗ്യവും ഉണ്ടാകാൻ ഭക്തർ പേരും നാളും പറഞ്ഞ് പുള്ളുവപ്പാട്ട് പാടിക്കുന്നതാണ് പതിവ്. വീണയും കുടവുമാണ് ഇവരുടെ പ്രധാന സംഗീതോപകരണങ്ങൾ. ബ്രഹ്മാവ് കുടവും, വിഷ്ണു താളവും, ശിവൻ വീണയുമെന്നാണ് വിശ്വാസം. അതിനാൽ ഇതിന് ത്രിമൂർത്തി സാന്നിദ്ധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നു.
നാഗപഞ്ചമി
ചിങ്ങത്തിലെ വെളുത്തപഞ്ചമി ദിവസമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണൻ കാളിയന്റെ അഹങ്കാരം ശമിപ്പിച്ചത് ഈ ദിവസമാണെന്ന വിശ്വാസത്തിൽ ശ്രീകൃഷ്ണൻ നേടിയ വിജയത്തിന്റെ അനുസ്മരണമായിട്ടാണ് ഈ ദിവസം ആഘോഷിക്കുന്നത്. നാഗപൂജയ്ക്ക് വിധിക്കപ്പെട്ട ദിവസമാണിത്. പാമ്പിനെ കൊല്ലാനോ ഉപദ്രവിക്കാനോ പാടില്ലെന്നാണ് വിശ്വാസം. അബദ്ധവശാൽ പാമ്പുകൾക്ക് മുറിവേൽക്കുമെന്ന് ഭയന്ന് വടക്കേ ഇന്ത്യയിലെ കർഷകർ ഈ ദിവസം നിലം ഉഴാറില്ല. ചിലയിടങ്ങളിൽ ഈ ദിവസം ഓണം പോലെ ആഘോഷിക്കുന്നു. മറ്റു ചിലയിടങ്ങളിൽ സർപ്പരൂപങ്ങൾ വരച്ച് നാഗപൂജ നടത്തിയും സർപ്പക്കളം വരച്ച് പാട്ടുപാടിയും ഊഞ്ഞാലാടിയും ആഘോഷിക്കുന്നു. മഹാരാഷ്ട്രയിൽ മഹോത്സവമായ നാഗപഞ്ചമി ദിവസം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഏറ്റവും ഒടുവിൽ പിടികൂടിയ മൂർഖനെ പുഷ്പവും നെയ്യും പണവും അർപ്പിച്ച് പൂജിക്കാറുണ്ട്. പാമ്പിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷനേടാൻ ഈ ദിവസം മാനസാദേവിയെ പൂജിക്കുന്ന പതിവുണ്ട്. എറണാകുളത്തുളള ആമേടക്ഷേത്രത്തിലും കാസർകോട്ടുളള ശ്രീമദനന്തേശ്വര ക്ഷേത്രത്തിലും നാഗപഞ്ചമി ആഘോഷിക്കുന്നു.
തിരിയുഴിച്ചിൽ
സർപ്പപ്രീതിക്കും സന്താനലാഭത്തിനും വേണ്ടി നാഗാരാധനാകേന്ദ്രങ്ങളിൽ നടത്തുന്ന ചടങ്ങാണ് തിരിയുഴിച്ചിൽ, നാഗയക്ഷിയെ പ്രീതിപ്പെടുത്തുന്നതിനാണ് ഈ കർമ്മം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇതിന് കൂടുതൽ പ്രാധാന്യം