ഉദിച്ചുയർന്ന് ഉദയനിധി; ഉപമുഖ്യമന്ത്രി കസേര, സ്റ്റാലിന്റെ പിൻഗാമി: ഡിഎംകെയിൽ പുതുയുഗപ്പിറവി
ചെന്നൈ ∙ ഡിഎംകെ ഭരണത്തിലെത്തി ഒന്നര വർഷം പൂർത്തിയായതിനു പിന്നാലെ മന്ത്രിസഭയിലെത്തിയപ്പോൾ തന്നെ ഉദയനിധി സ്റ്റാലിൻ ‘അദൃശ്യമായ’ ഉപമുഖ്യമന്ത്രി കസേരയിലാണ് ഇരുന്നത്. മൂന്നുവർഷം പിന്നിട്ട ഡിഎംകെ സർക്കാർ ഇപ്പോൾ അത് ഔദ്യോഗികമാക്കിയെന്നു മാത്രം. തിരക്കിട്ടു മകനെ ‘വലിയ കസേര’കളിൽ ഇരുത്തിയാൽ അതു പാർട്ടിയുടെയും തന്റെയും പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കുമെന്ന ആശങ്കയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആദ്യം പിന്നോട്ടു വലിച്ചത്.
എന്നാൽ, പാർട്ടിക്കുള്ളിൽ ഉയർന്നു വന്ന പിന്തുണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉദയനിധി കരുത്തായതും കണക്കിലെടുത്താണ് ഇൗ തീരുമാനം. നഗരത്തിനുള്ളിലെ ചെപ്പോക്ക് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഉദയനിധി 2022 ഡിസംബറിലാണു മന്ത്രിയായത്. ഉദയനിധിയെ മുൻപന്തിയിലേക്കു കൊണ്ടുവരുന്നതുവഴി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഡിഎംകെയ്ക്കുണ്ട്. അർഹതയ്ക്കുള്ള അംഗീകാരമാണ് ഉദയനിധിയുടെ പുതിയ സ്ഥാനമെന്നു ഡിഎംകെ നേതാക്കൾ വിലയിരുത്തുന്നു.
അർഹമായ സ്ഥാനം ലഭിക്കുമെന്നതിനാൽ ഉദയനിധിയുടെ വരവിനെ പാർട്ടിയിലെ മുതിർന്ന നേതാക്കളും എതിർക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം നേടിയ ഡിഎംകെ, ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനെതിരെ ദുർബല അവസ്ഥയിലുള്ള പ്രതിപക്ഷ പാർട്ടികളും കാര്യമായി പ്രതികരിക്കില്ല. രാഷ്ട്രീയത്തിൽ തെളിമയുള്ള മുഖമായി മാറാൻ എം.കെ.സ്റ്റാലിന് 50–60 വയസ്സുവരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥ ഉദയനിധിക്ക് ഉണ്ടാകരുതെന്ന കുടുംബത്തിന്റെ നിർബന്ധം കൂടി ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലുണ്ടെന്നാണു വിവരം. നിലവിൽ 46 വയസ്സുള്ള ഉദയനിധി തിരക്കുള്ള ചലച്ചിത്ര നിർമാതാവും നടനുമാണ്.
ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ നിർണായക ശക്തിയായ റെഡ് ജയന്റ് മൂവീസിന്റെ തലപ്പത്തിരിക്കുന്ന ഉദയനിധി സിനിമാ തിരക്കുകൾ മൂലമാണു മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതു വൈകിപ്പിച്ചത്. എന്നാൽ, 10 വർഷം കഴിഞ്ഞാലും ഇതേ ചുമതലകൾ നിർവഹിക്കണമെന്നതിനാൽ എത്രയും നേരത്തെ ഉത്തരവാദിത്തം ഏൽക്കണമെന്നായിരുന്നു ഡിഎംകെ നേതൃത്വത്തിന്റെ നിലപാട്. 2009-2011ൽ കരുണാനിധിയുടെ കീഴിൽ ആദ്യം മന്ത്രിയായും പിന്നീട് ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ ഭരണപരിചയം നേടിയിരുന്നു. അക്കാലത്ത് ഡിഎംകെയുടെ പദ്ധതികളിൽ, പ്രത്യേകിച്ച് സ്റ്റാലിന്റെ വകുപ്പുകളിൽ ഫലപ്രദമായ ഒട്ടേറെ തന്ത്രങ്ങൾ നടപ്പാക്കിയതിനു പിന്നിൽ മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.
അത്തരത്തിൽ പരിചയസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം ഉദയനിധിക്കും ലഭ്യമാക്കി. കായിക മന്ത്രി സ്ഥാനമേറ്റതിനു പിന്നാലെ, ലോക് ചെസ് ഒളിംപ്യാംഡ്, ഏഷ്യൻ ഹോക്കി ചാംപ്യൻഷിപ്, ഫോർമുല 4 കാറോട്ടം, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉൾപ്പെടെയുള്ളവ ചെന്നൈയിലെത്തിയതും ഉദയനിധിയുടെ ഗ്ലാമർ കൂട്ടി. ഇതിനിടെയുണ്ടായ സനാതന ധർമ വിവാദത്തിൽ ഉദയനിധി നിലപാടിൽ ഉറച്ചുനിന്ന് നിയമത്തിന്റെ സഹായത്തോടെ പോരാടിയതും പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും കയ്യടി നേടിക്കൊടുത്തു. പുതിയ പദവി വഴി ഡിഎംകെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുകയാണു ലക്ഷ്യം. സ്റ്റാലിന്റെ മറ്റൊരു മുഖമായി ‘ചിന്നവരെ’ന്ന ഉദയനിധിയുടെ സ്വാധീനം ജനങ്ങൾക്കിടയിൽ ഉറപ്പിക്കാനും ഡിഎംകെ ലക്ഷ്യമിടുന്നു.