എഎപി എംഎല്‍എ അമാനത്തുല്ല ഖാൻ ഇ.ഡി അറസ്റ്റിൽ രാവിലെ നാടകീയ രംഗങ്ങൾ, വിഡിയോ;

0

ന്യൂഡല്‍ഹി ∙ ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ ചെയർമാനും എഎപി എംഎല്‍എയുമായ അമാനത്തുല്ല ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അമാനത്തുല്ല ഖാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇ.ഡി ആരോപണം.

രാവിലെ അമാനത്തുല്ല ഖാന്റെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പരിശോധനയ്ക്കെന്ന പേരിൽ ഇ.ഡി സംഘമെത്തിയതു തന്നെ അറസ്റ്റു ചെയ്യാനാണ് അമാനത്തുല്ല ഖാൻ എക്സിൽ ആരോപിച്ചിരുന്നു. തന്റെ ഭാര്യാമാതാവ് അർബുദബാധിതയാണ്. നാലു ദിവസം മുൻപാണു ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ഇ.ഡിയെ അറിയിച്ചിട്ടും ഉചിതമായ രീതിയിലല്ലായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും എംഎൽഎ പറഞ്ഞു. ഡല്‍ഹി പൊലീസും അര്‍ധസൈനിക വിഭാഗവും വീടിനു പുറത്തുണ്ടായിരുന്നു.

‘‘തെറ്റായ കേസുകളെടുത്തു പ്രശ്നങ്ങളുണ്ടാക്കി 2 വർഷമായി പീഡിപ്പിക്കുകയാണ്. എഎപി പാർട്ടിയെയാകെ ഇവർ ബുദ്ധിമുട്ടിക്കുന്നു. ഞങ്ങളുടെ പാർട്ടിയെ തകർക്കുകയാണു ലക്ഷ്യം. ജനങ്ങൾ എനിക്കു വേണ്ടി പ്രാർഥിക്കണം. ജോലികളെല്ലാം നിറവേറ്റും. ഞങ്ങൾ പേടിക്കില്ല, ആശങ്ക വേണ്ട.’’– അമാനത്തുല്ല ഖാൻ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന് അമാനത്തുള്ള ഖാന്‍ ഇരയാക്കപ്പെടുകയാണെന്ന് എഎപി എംപി സഞ്ജയ് സിങും ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *