ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി

0

ധാക്ക: ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ രാജിവെച്ച് രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി.എൻ.പി) രം​ഗത്ത്. ഹസീനയുടെ അവാമി ലീ​ഗ് പാർട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കുമെന്ന് ബി.എൻ.പി മുതിർന്നനേതാവ് ​ഗയേശ്വർ റോയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബം​ഗ്ലാദേശിന്റേയും ഇന്ത്യയുടേയും പരസ്പരണ സഹകരണത്തിലാണ് ബി.എൻ.പി വിശ്വസിക്കുന്നത്. എന്നാൽ, തങ്ങളുടെ ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കും. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് ബം​ഗ്ലാദേശ് മുൻ വിദേശകാര്യമന്ത്രി സൂചിപ്പിച്ചിരുന്നു.

”ഹസീനയുടെ ബാധ്യതകളുടെ ഭാരമാണ് ഇന്ത്യ വഹിക്കുന്നത്. ഇന്ത്യക്കാരും ബം​ഗ്ലാദേശികളും നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ ഒരു രാജ്യത്തെ പിന്തുണയ്ക്കുന്നതിന് പകരം എന്തിനാണ് ഒരു പാർട്ടിയെ മാത്രം പിന്തുണക്കുന്നത്. ബി.എൻ.പി ഹിന്ദുവിരുദ്ധരാണെന്ന് ഒരു ധാരണയുണ്ട്. എന്നാൽ, വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരും വിവിധ സമുദായങ്ങളിൽപ്പെട്ടവരും ബി.എൻ.പിയുടെ ഭാ​ഗമാണ്. എല്ലാ സമുദായങ്ങളുടെ അവകാശങ്ങളും ഉയർത്തിപ്പിടിക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കുണ്ടെന്ന് ബംഗ്ലാദേശ്‌ രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. പാകിസ്താനെ അനുകൂലിക്കുന്ന ബി.എന്‍.പി. സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐ.എസ്.ഐയും സഹായിച്ചുവെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത് എന്നാണ് പുറത്തുവന്ന വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *