കെഎസ്‌ആര്‍ടിസി’ ബസ് മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടയിൽ പിടിയില്‍
കൊല്ലം: പുനലൂരില്‍ കെ.എസ്.ആർ.ടി.സി ബസ് രാത്രിയില്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ യുവാവ് പിടിയിലായി. വ്യാഴാഴ്ച രാത്രി 11.30 ടെയാണ് പുനലൂരില്‍ ഡിപ്പോയിലെ ഓർഡിനറി ബസ് കടത്തിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട് ഒറ്റക്കല്‍ സ്വദേശി ബിനീഷ് കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
പുനലൂരില്‍ നിന്നു കോക്കാട് വഴി തിരുവനന്തപുരത്തേക്കുള്ള വേണാട് ബസ് രാവിലെ സർവീസിനായി ഡിപ്പോക്ക് സമീപം ദേശീയപാതയോരത്ത് ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ടി.ബി ജങ്ഷനിലേക്ക് ബസ് ഓടിച്ചു വരുമ്പോള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഹെഡ് ലൈറ്റ് ഇല്ലാതെ വന്ന ബസ് ഇവിടെ വാഹന പരിശോധനക്ക് ഉണ്ടായിരുന്ന പൊലീസ് സംഘം സംശയത്തെ തുടർന്ന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല.
കുറച്ചു മുന്നോട്ട് പോയ ശേഷം ബസ് നിർത്തി പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് ഇയാളെ കീഴ്പ്പെടുത്തി ബസ് കസ്റ്റഡിയിലെടുത്തു