2025 മാർച്ച് വരെ ശനിയും വ്യാഴവും ഒരുമിച്ച് അനുഗ്രഹിക്കുന്ന രാശിക്കാർ
12 രാശികളിലായി 27 നക്ഷത്രക്കാർ സ്ഥിതി ചെയ്യുമ്പോൾ അതിലെ രണ്ടു രാശിക്കാർക്ക് ശനിയും വ്യാഴവും അനുഗ്രഹവും ചൊരിഞ്ഞു നിൽക്കുന്നു. ദീർഘകാലം ഒരേ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളാണ് ശനിയും വ്യാഴവും. ഈ അനുഗ്രഹങ്ങൾ ലഭിക്കുന്ന നക്ഷത്രക്കാർക്ക് നീണ്ടുനിൽക്കുന്ന അനുഗ്രഹങ്ങൾ ലഭിക്കുന്നു. നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. സർവ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന വ്യാഴം ഒരു വർഷക്കാലമാണ് ഒരു രാശിയിൽ നിൽക്കുന്നത്. വ്യാഴം ഇപ്പോൾ ഇടവം രാശിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 2025 മേയ് മാസത്തോടെ വ്യാഴം ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് സംക്രമിക്കപ്പെടുന്നു.
അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഗ്രഹമായ ശനി രണ്ടര വർഷമാണ് ഒരു രാശിയിൽ നിൽക്കുന്നത്. ഇപ്പോൾ ശനിയാകട്ടെ, കുംഭം രാശിയിൽ മൂല ത്രികോണ രാശിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 2025 മാർച്ച് 23 വരെ ശനി കുംഭം രാശിയിൽ സ്ഥിതിചെയ്യും. കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കപ്പെടുന്നതാണ്. ശനിയുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കുന്നതും വ്യാഴത്തിൻ്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നതുമായ രണ്ട് രാശിക്കാരാണ് മേടം , കന്നി രാശിക്കാർ.
മേടക്കൂർ
അശ്വതി, ഭരണി, കാർത്തികയുടെ ഒന്നാം പാദം ചേരുന്ന മേടക്കൂറുകാർക്ക്, കുംഭം രാശിയുടെ മൂല ത്രികോണ രാശിയിൽ പൂർണ തൃപ്തനായി നിൽക്കുന്ന ശനി. മേടം രാശിക്കാർക്ക് കുംഭം രാശി പതിനൊന്നാം ഭാവമാണ്. സർവവിധ ലാഭം പ്രദാനം ചെയ്യുന്ന അവസ്ഥയാണ്. ശനി ശുഭനാണെങ്കിൽ സർവകാര്യവിജയം, വാഹനലാഭം, ശയനസുഖം, ഭക്ഷണസമൃദ്ധി, ഗൃഹലാഭം, ധനവരവ്, വിവാഹം നടന്നു കിട്ടാനും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ധനവരവ് പ്രതീക്ഷിക്കാം. രോഗ അസ്വസ്ഥതകൾ കുറയും. സർവവിധ സൗഭാഗ്യങ്ങൾ, രാജകീയ സുഖഭോഗങ്ങൾ തുടങ്ങിയ യോഗങ്ങളെല്ലാം അനുഭവത്തിൽ വരുന്നതാണ്.
മേടം രാശിക്കാർക്ക് ഭാഗ്യാധിപനായ വ്യാഴം രണ്ടിൽ നിൽക്കുന്നു. എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുന്ന കാലഘട്ടം. ഏതൊരു കാര്യത്തിന് ഇറങ്ങുമ്പോഴും കാര്യങ്ങൾ ശുഭകരമായി തീരും. വീട്, വാഹനം, വസ്‌തു ലഭിക്കുന്നതിനും എല്ലാം ഭാഗ്യ കാലഘട്ടമാണ്. പ്രതീക്ഷിക്കാത്ത ധന വരവ് ഉണ്ടാവും. രോഗാരിഷ്ടതകൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകാൻ ആകും. രാജകീയ സുഖഭോഗങ്ങൾ തന്നെ അനുഭവിക്കാനുള്ള യോഗം ഉണ്ടാവും. ശയനസുഖം, ഭക്ഷണസുഖം. വിവാഹം നടക്കാതിരുന്നവർക്ക് വിവാഹം നടന്നു കിട്ടാനും അങ്ങനെയെല്ലാ സൗഭാഗ്യങ്ങളും വന്നു ചേരുന്ന ഒരു കാലഘട്ടമാണ്.
കന്നിക്കൂറ്
വ്യാഴവും ശനിയും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞുകൊണ്ട് നിൽക്കുന്ന രണ്ടാമത്തെ രാശിയാണ് കന്നി രാശി. ഉത്രത്തിന്റെ 2, 3, 4 പാദങ്ങൾ, അത്തം ചിത്തിരയുടെ 1, 2 പാദങ്ങൾ ചേരുന്ന കന്നി രാശിക്കാർക്ക്, ആറാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നു. ഭാഗ്യഭാവത്തിൽ വ്യാഴവും സഞ്ചരിക്കുന്നു. മേടം രാശിക്കാരുടെ കാര്യം പറഞ്ഞതു പോലെ തന്നെ ആറാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന സമയത്ത് എല്ലാവിധ സൗഭാഗ്യങ്ങളും ലഭിക്കുന്നതാണ്. ശയനസുഖം, രോഗാരിഷ്ടതകൾ കുറയാനും ഭക്ഷണ സുഖം, ഗൃഹലാഭം, വാഹനലാഭം, സർവകാര്യ വിജയം പ്രതീക്ഷിക്കുന്ന രീതിയിലെല്ലാം ധന വരവുകൾ ഉണ്ടാകുവാനും സാധ്യതയുള്ള കാലഘട്ടത്തിലൂടെയാണ് കന്നി രാശിക്കാർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
വ്യാഴവും ഭാഗ്യഭാവത്തിലൂടെ സഞ്ചരിക്കുന്ന കാലം. ഒന്നും തന്നെ ഭയപ്പെടാനില്ല. തിരിഞ്ഞു നോക്കേണ്ട അവസ്ഥയെ ഉണ്ടാകില്ല. എന്നാൽ മറ്റു ഗ്രഹങ്ങളുടെ മാറ്റങ്ങൾക്ക് അനുസൃതമായി ഫലങ്ങളും മാറും. സ്വന്തം ഗ്രഹനിലയിൽ ഇപ്പോഴത്തെ അവസ്ഥ കൂടി പരിശോധിച്ചു ഫലം പൂർണമാക്കേണ്ടതാണ്. ഈ രണ്ടു രാശിക്കാർക്കും വളരെയധികം ദൈവാധീനമുള്ള സമയമാണ്. ഗോചരാൽ അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു നിൽക്കുന്ന സമയത്തിലൂടെയാണ് കന്നി രാശിയും മേടം രാശിയിൽപ്പെട്ട നക്ഷത്രക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.