ജോയിക്കായി രണ്ടാം ദിനവും രക്ഷാദൗത്യം പുനഃരാരംഭിച്ചു; മാലിന്യം നീക്കാന്‍ എൻഡിആർഎഫ് സംഘവും
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചിൽ ഇന്നും തുടരുകയാണ്. എൻഡിആർഎഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. ഇന്നലെ രക്ഷാദൗത്യം 13 മണിക്കൂർ പിന്നിട്ടെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയോടെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.
എൻഡിആർഎഫ്, ഫയർഫോഴ്സ് സ്കൂബ ടീം എന്നിവർ ചേർന്നാണ് ഇന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ജില്ലാ കളക്ടറും മേയറും എൻഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചിൽ രാവിലെത്തേക്ക് മാറ്റിയത്.
അർധരാത്രി 12ന് ശേഷമാണ് എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെൻ റോബോട്ടിക്സ് ടീം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിലെ ദൃശ്യങ്ങൾ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകൾ വൃത്തിയാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ. രക്ഷാപ്രവർത്തനത്തിനായി പ്രത്യേകം മാറ്റം വരുത്തിയാണ് ഇപ്പോൾ പരീക്ഷിച്ച് നോക്കുന്നത്.
പരിശോധനയ്‌ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. സംരക്ഷണ വേലി പൊളിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ കൊണ്ടു ടണ്‍കണക്കിനു മാലിന്യം നീക്കിയശേഷമാണ് സ്‌കൂബാ ഡൈവിങ് സംഘത്തിനു പരിശോധന നടത്താനായത്. പിന്നാലെയാണ് റോബോട്ടിന്റെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
മാലിന്യം നീക്കാന്‍ റെയില്‍വേയുടെ കരാറെടുത്ത ഏജന്‍സിയുടെ താല്‍ക്കാലിക തൊഴിലാളിയായി 3 ദിവസം മുന്‍പാണ് ജോയി എത്തിയത്. 2 അതിഥിത്തൊഴിലാളികള്‍ക്കൊപ്പമാണു ജോയി മാലിന്യം നീക്കാനിറങ്ങിയത്. കനത്ത മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കില്‍പെട്ട ജോയിക്കു കരയില്‍ നിന്ന അതിഥിത്തൊഴിലാളികള്‍ കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെയായിരുന്നു ജോലി