ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ തിരിച്ചടി
ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഗംഭീര മുന്നേറ്റം കാഴ്ചവച്ചു. പതിമൂന്നിൽ പതിനൊന്ന് സീറ്റിലും വിശാല പ്രതിപക്ഷ മുന്നണിയിലെ ഘടകകക്ഷികൾ ജയം ഉറപ്പിച്ചപ്പോൾ, ബിജെപി നയിക്കുന്ന എൻഡിഎ നേരിട്ടത് വൻ തിരിച്ചടി.
പഞ്ചാബിൽ ആം ആദ്മി പാർട്ടിയും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമാണ് ഇന്ത്യ മുന്നണിക്കു വേണ്ടി പോരാട്ടം നയിക്കുന്നത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് രണ്ട് സീറ്റ് ഉറപ്പിച്ചപ്പോൾ ഒരിടത്തു മാത്രം ബിജെപി മുന്നിലെത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ രണ്ട് സീറ്റിലും മധ്യപ്രദേശിലെ ഒരു സീറ്റിലും കോൺഗ്രസാണ് ലീഡ് ഉറപ്പിച്ചത്.
ബിഹാറിൽ ജെഡിയുവിന്റെയും, തമിഴ്നാട്ടിൽ ഡിഎംകെയുടെയും സ്ഥാനാർഥികൾ മേൽക്കൈ നേടി. ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ് നാട്, മധ്യ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ചയായിരുന്നു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടിപ്പിനു ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണിത്