കല വധക്കേസിൽ ശക്തമായ തെളിവുകളുടെ അഭാവം
ചെങ്ങന്നൂർ(ആലപ്പുഴ): മാന്നാർ ഇരമത്തൂരിലെ കല വധക്കേസിൽ ശക്തമായ തെളിവുകളുടെ അഭാവം കേസിനെ ദുർബലപ്പെടുത്തിയേക്കുമെന്ന് നിയമ വിദഗ്ധർ. സെപ്റ്റിക് ടാങ്കിൽ മറവുചെയ്ത മൃതദേഹം കലയുടേതാണെന്നു തെളിയിക്കാൻ തക്ക അവശിഷ്ടങ്ങൾ കിട്ടിയിട്ടില്ല. ഇത് അന്വേഷണത്തിനു വലിയ വെല്ലുവിളിയാണ്.
കലയുടെ മൃതദേഹമാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചാലേ കേസിന്റെ മുന്നോട്ടു പോക്കിനെ സഹായിക്കൂ. 15 വർഷം മുൻപു നടന്ന കൊലപാതകമായതിനാൽ പല തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.
വിദേശത്തുള്ള ഒന്നാംപ്രതി അനിലിനെ വരുത്തി ചോദ്യം ചെയ്യണം. പ്രതിയെ നാട്ടിലെത്തിക്കാൻ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പോലീസ് പ്രയോഗിക്കുന്ന ലാസ്റ്റ് സീൻ തിയറിയും (അവസാനം കാണപ്പെട്ടയിടം) ഈ കേസിൽ പ്രയോഗിക്കാൻ തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു. കൊല്ലപ്പെട്ടയാളെയും പ്രതിയെയും ഒരു സ്ഥലത്ത് ഒരുമിച്ചു കണ്ടെന്നും അതിനുശേഷം കൊല്ലപ്പെട്ടയാളെ കണ്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന മൊഴി ലഭിക്കാത്തതും പോലീസിനെ കുഴക്കുന്നു.
ചെന്നിത്തല ഇരമത്തൂരിൽ കലയെ കൊലപ്പെടുത്തി സെപ്‌റ്റിക് ടാങ്കിൽ തള്ളിയ കേസിൽ വെള്ളിയാഴ്ചയും തെളിവെടുപ്പു നടന്നില്ല. കസ്റ്റഡിയിലുള്ള മൂന്നു പ്രതികളിൽ രണ്ടുപേരെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്കു മാറ്റിയതായാണ് വിവരം. മൂന്നാം പ്രതി സോമരാജൻ മാത്രമാണ് മാന്നാർ സ്റ്റേഷനിലുള്ളത്.
വെവ്വേറെ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായാണ് മറ്റു സ്റ്റേഷനുകളിലേക്കു മാറ്റിയത്. ആറു ദിവസത്തേക്കാണ് ഇവർ പോലീസ് കസ്റ്റഡിയിൽ കോടതി അനുവദിച്ചിരുന്നത്. തെളിവെടുപ്പിനായി ഇരമത്തൂർ ചിറ്റമ്പലം ജങ്‌ഷൻ, വലിയപെരുമ്പുഴപ്പാലം ഒന്നാംപ്രതി അനിലിന്റെ വീട് എന്നിവിടങ്ങളിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. അതിനു മുൻപ് അന്വേഷണത്തിന് പരമാവധി കൃത്യത ഉറപ്പാക്കാനാണ് ചോദ്യംചെയ്യൽ.
വെള്ളിയാഴ്ച ചെങ്ങന്നൂർ ഡിവൈ.എസ്.പി. മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അനിലിന്റെ പഴയ സുഹൃത്ത് നെടുങ്കണ്ടത്തുള്ള ആളെ സ്റ്റേഷനിൽ കൊണ്ടുവന്ന് വൈകീട്ടുവരെ ചോദ്യംചെയ്തു.15 വർഷം മുൻപുള്ള അനിലിന്റെ സുഹൃത്തുക്കൾ, അടുത്തിടപഴകിയവർ, ബന്ധുക്കൾ എന്നിവരെയെല്ലാം ചോദ്യംചെയ്യുന്നുണ്ട്. അനിലിനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായംതേടും.