പൊലീസുകാരുടെ സമ്മര്‍ദം ക്രമസമാധാനത്തെ ബാധിക്കുന്നുവെന്നു: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
തിരുവനന്തപുരം : പൊലീസുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് പൊലീസിനെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. ജീവനൊടുക്കിയ ജോബി ദാസ് എന്ന പൊലീസുകാരന്റെ ആത്മഹത്യാക്കുറിപ്പ് പി.സി.വിഷ്ണുനാഥ് സഭയില്‍ വായിച്ചു. 24 മണിക്കൂര്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ യോഗ ചെയ്യുന്നതെങ്ങനെ എന്നും പ്രതിപക്ഷം ചോദിച്ചു.
പൊലീസ് സേനയില്‍ പ്രശ്നമുണ്ടോ എന്നു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടി ഉണ്ടാകരുത്. ജോലി സമ്മര്‍ദം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നും എട്ടു മണിക്കൂര്‍ ജോലിസമയം എന്നത് വേഗത്തില്‍ നടപ്പാക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ കൂടുതലും കുടുംബപ്രശ്നങ്ങളും സാമ്പത്തികപ്രശ്നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍നിന്നും ഉരുത്തിരിയുന്ന മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൊലീസുകാരുടെ സമ്മര്‍ദം ക്രമസമാധാനത്തെ ബാധിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.