ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്‌സ്
ഡബ്ലിൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഖത്തർ എയർവേയ്‌സ് വിമാനം. ആറ് ജീവനക്കാരുള്‍പ്പെടെ 12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് QR017 വിമാനമാണ് ചുഴിയിൽപ്പട്ടത്. വിമാനം അടിയന്തരമായി ഡബ്ലിൻ എയർപോർട്ടിൽ എമർജൻസി ലാൻഡ് ചെയ്തു.
തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടതെന്നും ആറ് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായും ഡബ്ലിൻ എയർപോർട്ട് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു.വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് തന്നെ എയർ പോർട്ട് പൊലീസും അഗ്നിരക്ഷാ സേനയും സജ്ജരായിരുന്നു.
കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനം സമാനരീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ ആണ് ആകാശച്ചുഴിയിൽപെട്ടത്.
മോശം കാലാവസ്ഥയെ തുടർന്ന് ഉണ്ടായ സംഭവത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടു.
തായ്ലൻഡിന് അടുത്തെത്തിയപ്പോഴാണ് മൂന്ന് മിനിറ്റിനുള്ളിൽ വിമാനം ഏകദേശം 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നത്. പത്ത് മിനിറ്റോളം കുത്തനെ നിന്നു. വിമാനത്തിന് വലിയ കുലുക്കവും സംഭവിച്ചിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നവരാണ് അപകടത്തിൽപെട്ടത്.
അപകടത്തെ തുടർന്ന് വൈകിട്ട് 4 മണിയോടെ ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. അപകടത്തിൽ പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. 211 യാത്രക്കാരും 18 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്