കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎമ്മിന്‍റെ സ്മാരകം
കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സ്മാരകം പണിതിരിക്കുന്നത്. ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
മരിച്ച സുബീഷും ഷൈജുവും സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായിരുന്നു. എന്നാൽ 2015ല്‍ ഇവര്‍ കൊല്ലപ്പെട്ട സമയത്ത് പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ഇവര്‍ക്ക് വേണ്ടിയാണിപ്പോള്‍ സ്മാരകം പണിതിരിക്കുന്നത്. പൊതുജനങ്ങളുടെ കൈയില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതത്.
2015 ജൂണ്‍ 6ന് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ 4 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഇതേക്കുറിച്ച് മറുപടി പറയേണ്ട ഉത്തരവാദിത്വം സിപിഎമ്മിന് ഇല്ലെന്നുമായിരുന്നു.
എന്നാല്‍ പിന്നീട് ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങിയത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. സംസ്കരിച്ചത് പാര്‍ട്ടി വക ഭൂമിയിലും. ഇവര്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാനുള്ള നീക്കത്തിനിടെ കൊല്ലപ്പെട്ടവരാണ്, അതാണ് ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ കാരണമെന്നായിരുന്നു അതിനു ജയരാജൻ നല്‍കിയ വിശദീകരണം. 2016ല്‍ ഇരുവര്‍ക്കുമായി രക്തസാക്ഷി ദിനവും ആചരിച്ചിരുന്നു