ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0

ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലെ 27 ഒഴിവുകളിലെ താൽക്കാലിക നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദുമതത്തിൽ പെട്ടവർക്ക് അപേക്ഷിക്കാവുന്ന തസ്തികയുടെ കാലാവധി 2024 ജൂൺ അഞ്ചു മുതൽ ഡിസംബർ നാലു വരെയാണ്.

പുരുഷന്മാർക്ക് സോപാനം കാവൽ തസ്തികയിലേക്ക് ആകെ 15 ഒഴിവുകളും വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് 12 ഒഴിവുകളും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏഴാം ക്ലാസ് ജയവും മികച്ച ശാരീരിക ക്ഷമതയും കാഴ്ചശക്തിയും ഉള്ളവർക്കും 2024 ജനുവരി ഒന്നിന് 30 മുതൽ 50 വയസ്സുവരെ പ്രായപരിധിയുള്ളവർക്കും സോപാനം കാവൽ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

2024 ജനുവരി ഒന്നിന് 55 വയസ്സ് മുതൽ 60 വയസ്സുവരെ പ്രായപരിധി, ഏഴാം ക്ലാസ് ജയം, മികച്ച ശാരീരിക ക്ഷമത, കാഴ്ചശക്തി എന്നിവ ഉള്ളവർക്ക് വനിത സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് സോപാനം കാവൽ തസ്തികയിൽ 10% സംവരണം ലഭിക്കുകയും ചെയ്യും. ശാരീരികക്ഷമത, കാഴ്ചശക്തി എന്നിവ തെളിയിക്കുന്നതിനായി അപേക്ഷകർ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം.

സോപാനം കാവൽ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയില്ല. ദേവസ്വം ഓഫീസിൽ നിന്ന് മെയ് 18ന് വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവർത്തി സമയങ്ങളിൽ അപേക്ഷാഫോം ലഭ്യമാകും. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം എസ് സി എസ് ടി വിഭാഗക്കാർക്ക് അപേക്ഷ ഫോം സൗജന്യമായി ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് 118 രൂപയാണ് അപേക്ഷാ ഫിസായി ഈടാക്കുക.

പൂരിപ്പിച്ച അപേക്ഷകൾ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ 680101 എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ മെയ് 20നകം സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് 0487-2556335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *