യമാലിന്റെ ഇരട്ട ഗോളിൽ ബാർസയ്ക്ക് ലാലിഗയിൽ വിജയത്തുടർച്ച:
സ്പാനിഷ് ലാലിഗയിൽ ബാർസിലോന കുതിപ്പു തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും ബാർസ വിജയം കുറിച്ചു. ജിറോണ എഫ്‍സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റു മത്സരങ്ങളിൽ അത്‍ലറ്റിക്കോ മഡ്രിഡ് വലൻസിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും, അത്‍ലറ്റിക് ക്ലബ് ലാസ് പാൽമാസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും തോൽപ്പിച്ചു.
യുവതാരം ലമീൻ യമാലിന്റെ ഇരട്ടഗോൾ മികവിലാണ് ബാർസയുടെ അഞ്ചാം ജയം. 30, 37 മിനിറ്റുകളിലാണ് യമാൽ ലക്ഷ്യം കണ്ടത്. ബാർസയുടെ മറ്റു ഗോളുകൾ ഡാനി ഓൽമോ (47–ാം മിനിറ്റ്), പെഡ്രി (64–ാം മിനിറ്റ്) എന്നിവരുെട വകയാണ്. ജിറോണയുടെ ആശ്വസ ഗോൾ 80–ാം മിനിറ്റിൽ പകരക്കാരൻ താരം ക്രിസ്റ്റ്യൻ സ്റ്റുവാനി നേടി. യുവതാരം ഫെറാൻ ടോറസ് 86–ാം മിനിറ്റിൽ ചുവപ്പുകാർഡ് പുറത്തുപോയതിനാൽ 10 പേരുമായാണ് ബാർസ മത്സരം പൂർത്തിയാക്കിയത്.
വിജയത്തോടെ ലാലിഗയിലെ പോയിന്റ് പട്ടികയിൽ അഞ്ച് വിജയങ്ങൾ സഹിതം 15 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനം നിലനിർത്തി. അത്‌ലറ്റിക്കോ മഡ്രിഡ് (11), റയൽ മഡ്രിഡ് (11), വിയ്യാ റയൽ (11) എന്നിവരാണ് രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ.