കോടികളുമായി കുതിക്കുന്നതിനിടയിൽ ‘എമ്പുരാനു’ പിറകേ ‘കത്തി’ യുമായി ചിലർ

0

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശന കേന്ദ്രങ്ങളിലെല്ലാം പ്രേക്ഷകരുടെ ഗംഭീര സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .”ബോളിവുഡ് സിനിമകൾക്ക് സമാനമായ രീതിയിലിറങ്ങിയ മലയാളത്തിലെ ആദ്യസിനിമ” എന്ന രീതിയിലുള്ള വിശേഷണങ്ങളോടെ സിനിമ ജനശ്രദ്ധനേടികൊണ്ടിരിക്കുന്നതിനിടയിലാണ് കടുത്ത എതിർപ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത് .

ആർഎസ്എസ്,  ‘എംപുരാനെ’തിരെ കടുത്ത നിലപാടെടുക്കുകയാണ് സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ‘ഓർഗനൈസറി’ലെ കുറ്റപ്പെടുത്തൽ. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമർശിക്കുന്ന ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാർ, ജെ നന്ദകുമാർ അടക്കമുള്ള ആർഎസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിക്കുന്നുണ്ട്.അതേ സമയം എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണയായതായി വാര്‍ത്തയുണ്ട്. ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം . സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് ‘വോളന്ററി മോഡിഫിക്കേഷൻ’ ചെയ്യാൻ നിർമ്മാതാക്കളുടെ നീക്കം.തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.

മാറ്റം വരുത്തൻപോകുന്നു ‘ എന്ന വാർത്ത പ്രചരിച്ചതോടെയാണ് സിനിമകാണാനുള്ള ജനത്തിരക്ക് വലിയ രീതിയിൽ വർദ്ദിച്ചത് . ഇന്നത്തെ പ്രദർശനം കാണാൻ പലതിയേറ്ററുകളിലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ സംജാതമായിരിക്കയാണ്.

ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും രം​ഗത്തെത്തിയിരുന്നു.എന്നാൽ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ഇതുവരെ ഒരു പരാമർശവും സംവിധായകനോ മറ്റു അണിയറപ്രവർത്തകരോ അറിയിച്ചിട്ടില്ല . പ്രതിഷേധങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ സഹനിർമ്മാതാവായ ഗോകുലം ഗോപാലൻ മാറ്റങ്ങളുണ്ടാകുമെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും സംഘടനക്കുണ്ട്.

എന്നാൽ സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാർട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗൺസിൽ അംഗം സി രഘുനാഥിൻറെ പ്രതികരണം ഉണ്ടായത്.
ബിജെപിയുടെ പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൻ്റെ നിലപാട് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ് .

“ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? – അതെ.”

വിവാദങ്ങൾക്കിടെയാണ് എംപുരാൻ്റെ സെൻസർ രേഖാ പുറത്തുവന്നത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൻെ ദൃശ്യങ്ങളുടെ ദൈർഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോർഡിൻറെ നിർദ്ദേശം. ആർഎസ്എസ് നോമിനികൾ കൂടിയുള്ള ബോർഡ് രണ്ട് കട്ട് മാത്രം നിർദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തിൽ കൂടുതൽ കട്ട് നിർദ്ദേശിക്കണമെന്നാണ് ചില ആർഎസ്എസ് നേതാക്കളുടെ നിലപാട്.
സിനിമയ്ക്ക് പിന്തുണയുമായി ഇതര രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വന്നിട്ടുണ്ട്.

മന്ത്രി വി .ശിവൻകുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിച്ചത് ഇങ്ങനെയാണ് :

കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിന്…?ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യും.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണ്.

അതേ സമയം സിനിമയിൽമാറ്റങ്ങൾ വരുത്തുന്നതിന് മുന്നേ’എമ്പുരാന്‍ ‘സിനിമ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമെത്തി. തിരുവനന്തപുരം ലുലു മാളിലെ പിവിആറിൽ ഇന്നലെ രാത്രി 8 മണിക്കു നടന്ന പ്രദർശനത്തിൽ വെച്ചാണ് മുഖ്യമന്ത്രിയും കുടുംബവും ‘എമ്പുരാനെ ‘കണ്ടത്.

(മുരളി പെരളശ്ശേരി)

Spread the love

Leave a Reply

Your email address will not be published. Required fields are marked *