കേരളത്തിൽ രണ്ടിടങ്ങളിൽ Vi5ജി സേവനം:ഇന്ത്യയിൽ 9 നഗരങ്ങളിൽ

മുംബൈ:കേരളത്തിൽ രണ്ടിടങ്ങളിൽ 5ജി സേവനം ആരംഭിച്ച് ടെലികോം ദാതാക്കളായ വോഡഫോൺ ഐഡിയ. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് 5G സേവനം ലഭ്യമാവുക. കേരളത്തിലെ രണ്ട് നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പുതിയ നഗരങ്ങളിലാണ് വിഐ 5ജി സേവനം ആരംഭിച്ചത്. മീററ്റ്, മലപ്പുറം, കോഴിക്കോട്, ഛത്രപതി സംഭാജിനഗർ, നാസിക്, അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കവറേജ് ലഭിക്കും.
വിഐ 5ജി സേവനം ആരംഭിച്ച ഇന്ത്യയിലെ ഒമ്പത് ഇടങ്ങളിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളതാണ്. കേരളത്തിൽ നിന്നുള്ള രണ്ട് നഗരങ്ങളിലും, മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് നഗരങ്ങളിലും, ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നഗരത്തിനുമാണ് ഇത്തവണ വിഐ 5ജി സേവനത്തിന് നറുക്ക് വീണിരിക്കുന്നത്. തെരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഹൈ-ഡെഫനിഷൻ സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോൺഫറൻസിങ്, വേഗത്തിലുള്ള ഡൗൺലോഡുകൾ, തത്സമയ ക്ലൗഡ് ആക്സസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും.
മൈസൂരുവിൽ 5G സേവനങ്ങൾ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഒമ്പത് പുതിയ നഗരങ്ങളിലേക്ക് കൂടി വിഐ തങ്ങളുടെ 5ജി സേവനം വ്യാപിപ്പിക്കുന്നത്. തുടക്കത്തിൽ പുറത്തുവിട്ട 23 നഗരങ്ങളുടെ പട്ടികയിൽ 18 എണ്ണത്തിലേക്കും വി 5G സേവനങ്ങൾ വ്യാപിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മുംബൈ, ഡൽഹി, ബെംഗളൂരു, മൈസൂർ, പട്ന, നാഗ്പൂർ, ജയ്പൂർ, സോണിപത്ത്, ചണ്ഡീഗഡ്, അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര, ഛത്രപതി സംഭാജിനഗർ, നാസിക്, മലപ്പുറം, കോഴിക്കോട്, മീററ്റ് എന്നീ നഗരങ്ങളിലാണ് നിലവിൽ 5ജി സേവനങ്ങളുള്ളത്.മികച്ച നെറ്റ്വർക്ക് കവറേജും ഡാറ്റ വേഗതയും വാഗ്ദാനം ചെയ്യുന്നതിനായി ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 4G നെറ്റ്വർക്കും കമ്പനി നവീകരിച്ചിട്ടുണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി വിഐ 299 രൂപയ്ക്ക് അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ പ്രീ-പെയ്ഡ് പായ്ക്കും പ്രഖ്യാപിച്ചിരുന്നു.
വിഐയുടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച 23 നഗരങ്ങളുടെ ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങൾ കൂടെ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ ആരംഭിച്ചിട്ടില്ല. അതേസമയം ഈ രണ്ട് നഗരങ്ങളിലായിരിക്കും കേരളത്തിൽ അടുത്ത തവണ 5ജി സേവനങ്ങൾ ആരംഭിക്കുക. വിഐയുടെ മുൻഗണന സർക്കിളുകളിൽ ആദ്യ സ്ഥാനത്തുള്ള ടെലികോം സർക്കിളുകളിൽ കേരളവുമുണ്ട്. മറ്റ് നഗരങ്ങളിലേക്കുള്ള അടുത്ത ഘട്ട 5ജി വ്യാപനം ഉടനെ ഉണ്ടായേക്കാം.