വേട്ടയ്യൻ സിനിമയുടെ വ്യാജ പതിപ്പ്: തമിഴ് റോക്കേഴ്സ് ടീമിനെതിരെ വീണ്ടും കേസ്
ചെന്നൈ∙ രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയുടെ വ്യാജ പകർപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ തമിഴ് റോക്കേഴ്സ് ടീമിനെതിരെ തമിഴ്നാട് പൊലീസും കേസ് എടുക്കും. അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തിൽ പിടിയിലായ കുമരേശൻ, പ്രവീൺ കുമാർ എന്നിവർക്കെതിരെയാണ് കേസ്. ബെംഗളൂരുവിൽ നിന്നാണ് പ്രതികളെ കാക്കനാട് സൈബർ ക്രൈം പൊലീസ് പിടികൂടിയത്.ഇവരിൽ നിന്ന് വേട്ടയ്യൻ സിനിമയുടെ വ്യാജ പതിപ്പ് കണ്ടെത്തിയിരുന്നു. വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയതിനു പിന്നാലെയാണ് കേസ്.
സിനിമ റിലീസായ ദിവസംതന്നെ വ്യാജ പതിപ്പ് ഇവർ ടെലഗ്രാമിൽ ഇറക്കിയിരുന്നു. കോയമ്പത്തൂർ എസ്‌ആർകെ മിറാജ് തിയറ്ററിൽ നിന്നാണ് സിനിമ റെക്കോർഡ് ചെയ്‌തത്. മലയാളം, കന്നഡ, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പ് നിർമിച്ച് തമിഴ് റോക്കേഴ്‌സ്, വൺ തമിഴ് എംവി സൈറ്റുകൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്നതായിരുന്നു രീതി.ഐ ഫോണുകൾ ഉപയോഗിച്ചാണ് ഇവർ സിനിമ പകർത്തുന്നത്. സബ്‌ടൈറ്റിൽ തയാറാക്കി സൈറ്റിലേക്ക് നൽകിയിരുന്നത് ബെംഗളൂരുവിലെ മുറിയിൽ വച്ചായിരുന്നു. നാലു ഫോണും ഇവരിൽനിന്ന് പിടിച്ചടുത്തു.