വെള്ളാപ്പള്ളിയുടേത് നിരുത്തരവാദപരമായ പ്രസ്താവന :എം.സ്വരാജ് , ജനം ഏറ്റെടുക്കില്ലെന്ന് മുസ്ളീം ലീഗ്

തിരുവനന്തപുരം :എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരവും ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാദിഖലി ശിഹാബ് തങ്ങൾ :
വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ല . ജനങ്ങൾ ഏറ്റെടുക്കില്ല. സൗഹൃദത്തിൻ്റെ മനസാണ് കേരളത്തിൻ്റേത്. മത സാമുദായിക രാഷ്ട്രീയ നേതാക്കൾ കാത്തു സൂക്ഷിക്കേണ്ടത് ഈ മനസാണ് അത് ഇല്ലാതാക്കുന്നത് ശുഭലക്ഷണമല്ലെന്നും മുസ്ലിംലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
പ്രതികരണശേഷി നഷ്ടപ്പെട്ട സർക്കാരാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം. സർക്കാർ വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല. അതുകൊണ്ടാണ് പലരും പലതും വിളിച്ചു പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.മൗനം വിദ്വാന് ഭൂഷണം എന്നത് അർത്ഥവത്താണ്. ആത്മ സംയമനത്തോടെയാണ് ലീഗ് ഈ പരാമർശത്തെ സമീപിക്കുന്നത്. പരസ്പരം പോരടിക്കാനോ വിദ്വേഷത്തിനോ അല്ല ശ്രമിക്കേണ്ടതെന്നും തങ്ങൾ വ്യക്തമാക്കി. സ്കൂൾ സമയമാറ്റത്തിൽ സമസ്തയ്ക്ക് ഒപ്പം തന്നെയാണ് ഞങ്ങളും ള്ളത്. ലീഗിനെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
പി.കെ.കുഞ്ഞാലിക്കുട്ടി :
വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ മറുപടി പറയേണ്ടത് സർക്കാരാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല, ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും ലീഗിൽ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ ഒരു നിമിഷം അവർ ലീഗിൽ ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്ന് സതീശന് പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയിൽ നിന്ന് സാമുദായ നേതാക്കൾ പിന്മാറണം. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
വർഗീയതയാണെങ്കിൽ കേസെടുത്തോളൂ : വെല്ലുവിളിച്ച് വെള്ളാപ്പള്ളി