അടുത്ത കൊല്ലം നേരത്തേ കാലത്തേ വരണേ കാമാ…
കാഞ്ഞങ്ങാട് : ഉത്തരകേരളത്തിൽ പൂര ആഘോഷവുമായി ബന്ധപ്പെട്ടു ആരാധിച്ചു വരുന്ന ദേവനാണു കാമൻ. ഋതുമതിയാവാത്ത പെൺകുട്ടികൾ ഏഴു ദിവസം കാമനെ സ്മരിച്ച് രാവിലെയും വൈകുന്നേരവും കാമന് പൂവും വെള്ളവും നൽകും. അവസാന ദിവസം പൂകൊണ്ട് പിടിഞ്ഞാറ്റയിൽ കാമരൂപം ഉണ്ടാക്കും. നരയൻ പൂ , ചെക്കി പൂ, എരിക്കിൻ പൂ , ചെമ്പക പൂ, എന്നിവയാണ പ്രധാനമായും കാമരൂപൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പൂക്കൾ.
പൂര ദിവസം കാമനെ പാലുള്ള മരത്തിന്റെ ചുവട്ടിലേക്കു കൊണ്ടു പോയി യാത്രയാക്കും. കാമന് വെല്ലം, തേങ്ങ, അരി എന്നിവ ചേർത്ത് അട തയ്യാറാക്കി പാലുള്ള മരത്തിന്റെ ചുവട്ടിൽ വെക്കും. മുതിർന്ന സ്ത്രീകൾ കാമനെ യാത്രയാക്കുമ്പോൾ ഇങ്ങനെ ചൊല്ലും ” കാമാ കാമാ അടുത്ത കൊല്ലവും നേരത്തേ കാലത്തേ വരണേ കാമ, കാമാ കാമാ തെക്കൻ ദിക്കില് പോലേ കാമാ, കാമാ കാമാ.
തെക്കത്തിപ്പെണ്ണ് ചതിക്ക്വേ കാമാ” എന്നിങ്ങനെ ചൊല്ലി പൂരക്കുഞ്ഞുങ്ങൾ ആർപ്പ് വിളിച്ച് കാമന് വിടചൊല്ലും. പൂര ദിവസം രാവിലെ പൂരക്കഞ്ഞിയാണ് പ്രധാനം. പച്ചരി വേവിച്ച് പായസ രൂപത്തിലാക്കി തേങ്ങാ പാലോ, തേങ്ങ ചിരകിയട്ടോ ആണ് സ്വാദിഷ്ടമായ പൂരക്കഞ്ഞി ഉണ്ടാക്കുന്നത്. ചെരങ്ങ (മത്തൻ) കറിയാണ് പൂരക്കഞ്ഞിക്ക് കൂട്ടാൻ (കറി) ഉണ്ടാവുക. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഈ പൂരാഘോഷം ഉള്ളത്. വടക്കേ മലബാറിന്റെ വസന്തം എന്നാണ് പൂരോത്സവം അറിയപ്പെടുന്നത്. മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം മുതല്‍ പൂരം നക്ഷത്രം വരെയാണ് പൂരോത്സവം