പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ദിവ്യ ബലി ഭക്തി നിർഭരമായ തിരുകർമ്മങ്ങളോടെ സമാപിച്ചു.

0

ദേശീയ തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദിവ്യ ബലി ഭക്തി നിർഭരമായ തിരുകർമ്മങ്ങളോടെ സമാപിച്ചു.
ദിവ്യ ബലിക്കു മുന്നോടിയായി അഭിവന്ദ്യ മെത്രാപോലിത്തയേയും, പാലിയം കുടുംബംങ്ങൾക്കും, പള്ളിവീട്ടിൽ മീനാക്ഷിയമ്മ കുടുംബക്കാർക്കും റോസരി പാർക്കിലെ മംഗള കവാടത്തിൽ സ്വീകരണം നൽകി.പള്ളിവീട്ടിൽ മീനാക്ഷി അമ്മയുടെ പിൻതലമുറക്കാർ പാരമ്പര്യമായി ചെയ്തുവരുന്ന മോര് വിതരണത്തിന്റെ ആശിർവാദവും ആർച്ച് ബിഷപ്പ്‌ നിർവഹിച്ചു.പള്ളിവീട്ടിലെ പിൻതലമുറക്കാർ ആയ അജികുമാർ, ഉമ അജികുമാർ,വാസുദേവൻ മേനോൻ, പുഷ്പ വാസുദേവൻ മേനോൻ, ഹരി,മോഹനൻ മോഹനയും എന്നിവർ ചടങ്ങിൽ കുടുംബസമേതം പങ്കെടുത്തു.ദേവാലയത്തിലെ അൾത്താരയിലെ കേടാവിളക്കിൽ പാലിയം കുടുംബത്തിലെ മാനേജിങ് ട്രസ്റ്റീ വേണുഗോപാൽ പാലിയത്ത് എണ്ണ പകർന്നു ദീപം തെളിയച്ചതിലൂടെയാണ് തിരുന്നാൾ ദിവ്യ ബലിക്ക് തുടക്കമായത്.

മതസൗഹാർദ്ദത്തിൻ്റെ അടയാളമായി തലയുയർത്തി നിൽക്കുന്ന ദേവാലയത്തിൻ്റെ ചരിത്രം പള്ളിവീട്ടിലെ പിൻതലമുറക്കാരിൽ ഒരാളും ഡോംബിവ്‌ലിയിലെ ( മുംബൈ- ) മാധ്യമപ്രവർത്തകനുമായ വാസുദേവ മേനോൻ വിവരിക്കുന്നു ..

“1524 ല്‍ പോര്‍ച്ചുഗീസുകാരാണ് പരിശുദ്ധാത്മാവിൻ്റെ നാമധേയത്തില്‍ ഈ ദേവാലയം സ്ഥാപിച്ചത്. പോര്‍ച്ചുഗലില്‍ നിന്ന് കൊണ്ടുവന്ന ബന്ധവിമോചക നാഥയുടെ ചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തു. പരിശുദ്ധാന്മാവിൻ്റെ നാമത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ ദേവാലയമാണിത്. ചരിത്രത്തിനൊപ്പം ഐതിഹ്യവും മതസൌഹാര്‍ദ്ദവുമൊക്കെ കെട്ടുപിണഞ്ഞുകിടക്കുകയാണിവിടെ.
1676 ലെ വെള്ളപ്പൊക്കത്തില്‍ ഈ ദേവാലയം നാമാവശേഷമായെങ്കിലും മാതാവിന്റെ ചിത്രം കായലിലൂടെ ഒഴുകിനടന്നു.കൊച്ചിരാജാവിന്റെ മുഖ്യമന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചൻ അത് കണ്ടെടുത്തു പള്ളി അധികാരികൾക്കു സമർപ്പിച്ചു.വല്ലാര്‍പാടത്തുകാരുടെ അഭ്യര്‍ത്ഥന പ്രകാരം പള്ളി പുനസ്ഥാപിക്കാനുള്ള സ്ഥലവും സാമ്പത്തിക സഹായവും അദ്ദേഹം നല്‍കി.

രാമന്‍ വലിയച്ചന്‍ വിശ്വാസികള്‍ക്ക് മാതാവിന്റെ ചിത്രം തിരിച്ചുനല്‍കിയ സ്ഥാനത്ത് കൊടിമരം സ്ഥാപിക്കപ്പെടുകയുണ്ടായി. നാട്ടുകാര്‍ പുതിയ ദേവാലയം നിര്‍മ്മിച്ച് മാതാവിന്റെ ചിത്രം അതില്‍ പ്രതിഷ്ഠിച്ചു. ദേവാലയത്തിന്റെ ആശീര്‍വാദത്തില്‍ പങ്കെടുത്ത രാമന്‍ വലിയച്ചന്‍ പള്ളിയിലേക്ക് ഒരു കെടാവിളക്ക് നല്‍കുകയും അതിലുപയോഗിക്കുവാനുള്ള എണ്ണ കൊട്ടാരത്തില്‍ നിന്ന് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പതിവ് ചില കാരണങ്ങളാല്‍ ഇടയ്ക്ക് നിന്നുപോയെങ്കിലും 1994 മുതല്‍ സെപ്റ്റംബര്‍ മാസത്തില്‍ മാതാവിന്റെ തിരുനാളിന് കെടാവിളക്കില്‍ ഒഴിക്കാനുള്ള എണ്ണ വഴിപാടായി പാലിയം കുടുംബാംഗങ്ങളാണ് നല്‍കിപ്പോരുന്നത്.

1752 മെയ് 23- ആം തിയതി വല്ലാര്‍പാടത്തെ ഒരു കുലീന തറവാടായ പള്ളിയില്‍ വീട്ടിലെ മീനാക്ഷിയമ്മ കുഞ്ഞിന് ചോറ് കൊടുക്കാനായി മട്ടാഞ്ചേരിയിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക്, രാമന്‍ തുരുത്തിനടുത്തുള്ള കപ്പല്‍ച്ചാലിലെത്തിയപ്പോള്‍ ശക്തമായ കാറ്റിലും കോളിലും വഞ്ചി മറിഞ്ഞ് കായലില്‍ താഴ്ന്നുപോയി. അന്നത്തെ വികാരിയായിരുന്ന ഫാദര്‍ മിഖുവേല്‍ കൊറയായ്ക്ക് മാതാവ് സ്വപ്നത്തില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് മീനാക്ഷിയമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായി നാട്ടുകാര്‍ കായലിൻ്റെ നാനാഭാഗത്തും വലയിട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

മൂന്നാം ദിവസം അവസാന ശ്രമം എന്ന നിലയ്ക്കെറിഞ്ഞ വല ഉയര്‍ത്തിയപ്പോള്‍ അതില്‍ മീനാക്ഷിയമ്മയും കുഞ്ഞും ജീവനോടെ ഇരിക്കുന്നതായി കണ്ടു എന്നും കരയ്ക്കിറങ്ങിയ മീനാക്ഷിയമ്മ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്ക് ചെന്ന് തന്നെയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത് വല്ലാര്‍പാടത്തമ്മയാണെന്ന് സാക്ഷ്യപ്പെടുത്തി തങ്ങളെത്തന്നെ മാതാവിന് അടിമകളാക്കി സമര്‍പ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.ശിഷ്ടകാലം അവർ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടും ദേവാലയവും പരിസരവും വൃത്തിയാക്കിക്കൊണ്ടും ജീവിച്ചുപോന്നു. ഈ ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഉദ്ധിഷ്ഠകാര്യ സാധ്യത്തിനായി തങ്ങളെത്തന്നെ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമയായി സമര്‍പ്പിച്ചുകൊണ്ട് ഈ ദേവാലയത്തിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.

ഒരു ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് മീനാക്ഷ്മിയമ്മയുടെ അപകട സംഭവം ഉണ്ടായതായി കണക്കാക്കപ്പെടുന്നത് . അതുകൊണ്ടുതന്നെ ഓശാനപ്പെരുന്നാളിന്റെ ഭാഗമായി ആവശ്യമായ കുരുത്തോലകള്‍ ഇപ്പോഴും വെഞ്ചിരിക്കുന്നത് അര കിലോമീറ്റര്‍ ദൂരെമാറിയുള്ള നായര്‍ തറവാടായ (മീനാക്ഷിയമ്മയുടെ തറവാട്) പള്ളിവീടിന്റെ മുറ്റത്തുവെച്ചാണ്. വലിയ പെരുന്നാളിന് പള്ളിയില്‍ വിളക്കു തെളിയിക്കുന്നതിനുള്ള അവകാശവും പള്ളിവീട്ടുകാര്‍ക്കാണ്. രാമന്‍ വലിയച്ചൻ്റെ കാലത്തു തുടങ്ങിയുള്ള മതമൈത്രി ഇന്നും തുടര്‍ന്നുപോകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണിതെല്ലാം.

500 കൊല്ലം മുന്‍പ് സ്ഥാപിച്ച മാതാവിന്റെ അതേ ചിത്രമാണ് അള്‍ത്താരയില്‍ ഇന്നും കാണുന്നത്. അതില്‍ പുതിയതായി മീനാക്ഷിയമ്മയുടേയും മകന്റേയും ചിത്രം കൂടെ വരച്ചു ചേർത്തു.1760ന് ശേഷമുള്ള കാലഘട്ടത്തില്‍ വല്ലാര്‍പാടത്തെ വിശ്വാസികള്‍ , അന്നത്തെ വരാപ്പുഴ ബിഷപ്പായിരുന്ന അലോഷ്യസ്‍ മരിയാന്‍ എന്ന ഇറ്റാലിയന്‍ വൈദികന്റെ അടുത്ത് ചെന്ന് നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായിട്ടാണ് മീനാക്ഷിയമ്മ എന്ന ഹിന്ദു സ്ത്രീയുടേയും മകന്റേയും ചിത്രം മാതാവിന്റെ ചിത്രത്തോട് ചേര്‍ന്ന് വരച്ചുചേര്‍ക്കപ്പെട്ടത്.

ഇവരുടെ 10 ആം തലമുറക്കാരിൽ ഒരാളാണ് ഞാൻ . ഇവിടുത്തെ പെരുന്നാളിന് ഇപ്പോഴും മോരുംവെള്ളം കൊടുക്കുന്നത് ഞങ്ങളുടെ തറവാട്ടിൽ നിന്നാണ്. വളരെക്കലമായി ഉപയോഗിക്കാതെ കിടന്ന ഞങ്ങളുടെ തറവാട് അതിന്റെ ഇപ്പോഴത്തെ അവകാശികളായ ബന്ധുവീട്ടുകാർ വീടും സ്ഥലവും പള്ളിക്കാർക്ക് നൽകി . ‘മീനാക്ഷിഅമ്മ സ്വാമാരക’മായി
അത് നിലനിർത്തും എന്നാണ് പള്ളിക്കാർ നൽകിയ ഉറപ്പ്. ഞാനും എന്റെ മുൻ തലമുറക്കാരും ജനിച്ചു വളർന്ന സ്ഥലമാണത് .
പള്ളിമേടയിലേക്ക് കടക്കുന്നതിന് മുന്‍പായി രാമന്‍ വലിയച്ചന് മാതാവിന്റെ ചിത്രം കായലില്‍ നിന്ന് ലഭിക്കുന്നതും , മീനാക്ഷ്മിയമ്മയെ കായലില്‍ നിന്ന് വലയിട്ട് രക്ഷിക്കുന്നതിൻ്റെ യുമൊക്കെ ത്രിമാന ദൃശ്യങ്ങൾ കാണാൻ സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *