‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്ന് അദ്ദേഹം അറിയിച്ചു.ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ട്. മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിക്കും, മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിക്കും, മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ശിവൻകുട്ടി അറിയിച്ചു.
മികച്ച സംവിധാത്തിനുള്ള പുരസ്കാരത്തിന് അർഹനായത് ‘ദി കേരള സ്റ്റോറി’ സിനിമയുടെ സംവിധായകൻ സുദീപ്തോ സെന്‍ ആണ്. കൂടാതെ മികച്ച ഛായാഗ്രഹണത്തിനും ഈ സിനിമയുടെ പ്രശന്തനു മൊഹാപാത്രയാണ് അർഹനായത്.