എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക പരിപാടികൾ വെട്ടിച്ചുരുക്കി കൊല്ലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടറും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഈ വിഷയം അതീവ ദുഃഖകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
“ഓരോ അനുഭവവും ഓരോ പാഠമാണ്. ഇതൊന്നും നോക്കാൻ ഒരു ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും കഴിയുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് അവർ സ്കൂളിൽ ഇരിക്കുന്നത്?” മന്ത്രി ചോദിച്ചു. സുരക്ഷ ഉറപ്പാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരെന്ന് അന്വേഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.