ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം:യുവാവ് അറസ്റ്റിൽ
കണ്ണൂർ :ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.യുവതിയുടെ ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43)യാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ സജുവിൻ്റെ നിരന്തര പീഡനം കാരണം പല തവണ ബന്ധം പിരിയാൻ ലിന്റ ശ്രമിച്ചിരുന്നു.2024 ൽവിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതിയുടെ വീട്ടുകാർ മറെറാരു വിവാഹത്തിന്നായ് തീരുമാനമെടുത്തു. ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.